കണ്ണൂരില്‍ 199 പേര്‍ കളളവോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്; കലക്ടര്‍ക്ക് പരാതി നല്‍കി

കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കള്ളവോട്ട് ചെയ്തവരില്‍ 40 പേര്‍ സ്ത്രീകളാണ്. കളളവോട്ട് ചെയ്തവരുടെ പട്ടിക സഹിതം കോണ്‍ഗ്രസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ വന്ന് വോട്ട് ചെയ്ത സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കള്ളവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബൂത്തു തലത്തില്‍ ശേഖരിച്ചു വരികയാണെന്നും വിശദമായ രേഖകള്‍ സഹിതം പരാതി നല്‍കുമെന്നും നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അഞ്ച് വോട്ടുകള്‍ വരെ ചെയ്ത ആളുകളുടെ വിവരങ്ങള്‍ വരെ പരാതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കള്ളവോട്ട് ചെയ്തവരെ കൂടാതെ അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരാതിക്കൊപ്പം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കള്ളവോട്ട് നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയിട്ടും അതിന് കൂട്ടുനിന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
യഥാര്‍ത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ എന്നിവ സഹിതമാണ് പട്ടിക നല്‍കിയത്. കള്ളവോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍ ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വിവരം നല്‍കിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നല്‍കിയ ഉദ്യോഗസ്ഥനെതിരേയും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പരാമര്‍ശമുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അച്ഛന്റെ വോട്ട് മകന്‍ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകള്‍ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി കലക്ടര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 22 കള്ളവോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ ആറെണ്ണം വനിതകളുടേതാണ്. പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തു ഇതില്‍ 6 പേര്‍ സ്ത്രീകളാണ്. തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടും. വ്യവസായ മന്ത്രി ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 11 സ്ത്രീകള്‍ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here