ഡൽഹിയിൽ ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്നും എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി ഇന്ന് ബിജെപിയിൽ ചേർന്നു. സൗത്ത് ഡൽഹിയിലെ ബിജ്വാസൻ മണ്ഡലത്തിലെ എംഎൽഎയായ ദേവീന്ദർ കുമാർ ഷെരാവത്താണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. ആം ആദ്മി  നേതൃത്വവുമായുള്ള തർക്കങ്ങളെ തുടർന്ന് അടുത്തിടെയായി  പാർട്ടിയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു ദേവീന്ദർ . കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തിലാണ് ദേവീന്ദർ  കുമാറിന്‌ ബിജെപി അംഗത്വം നൽകിയത്.

Read Also; ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു

ആം ആദ്മി പാർട്ടി തന്നെ പാർട്ടി യോഗങ്ങൾക്ക് പോലും വിളിക്കാറില്ലെന്നും ഈ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നും ദേവീന്ദർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ദിവസത്തിനിടെ  ഡൽഹിയിൽ ഇത് രണ്ടാമത്തെ ആം ആദ്മി പാർട്ടി എംഎൽഎയാണ് ബിജെപിയിൽ ചേരുന്നത്.

മറ്റൊരു ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്‌പേയി കഴിഞ്ഞ ദിവസം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 14 ആം ആദ്മി പാർട്ടി എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ അവകാശപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഡൽഹി ഗാന്ധിനഗറിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്‌പേയി ബിജെപിയിൽ ചേർന്നത്.

Read Also; സഖ്യത്തിന് കൈ കൊടുക്കാത്ത നോർത്ത് ഈസ്റ്റ് ഡൽഹി; ഇത്തവണ കരുത്ത് കാട്ടാനുള്ള പോരാട്ടം

ആം ആദ്മി പാർട്ടി മികച്ച മത്സരം പ്രതീക്ഷിക്കുന്ന ഡൽഹിയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ നേതാക്കളെ വിലക്കെടുക്കാൻ കഴിയില്ലെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ബിജെപിയ്ക്ക് മറുപടി നൽകിയെങ്കിലും പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. പശ്ചിമബംഗാളിൽ 40 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More