Advertisement

സഖ്യത്തിന് കൈ കൊടുക്കാത്ത നോർത്ത് ഈസ്റ്റ് ഡൽഹി; ഇത്തവണ കരുത്ത് കാട്ടാനുള്ള പോരാട്ടം

April 25, 2019
Google News 2 minutes Read

രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…

 

ആകെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ വോട്ടർമാരുടെ എണ്ണത്തിൽ മുന്നിലാണ് നോർത്ത് ഈസ്റ്റ് ഡൽഹി. വോട്ടർമാരുടെ കാര്യത്തിൽ മാത്രമല്ല ഇത്തവണത്തെ പോരാട്ടത്തിൽ ഡൽഹിയിലെ മറ്റേതു മണ്ഡലത്തേക്കാളും വീറും വാശിയും ഏറ്റവും കൂടുതലുള്ളതും ഇവിടെ തന്നെ. ബിജെപിയുടെയും കോൺഗ്രസിന്റെയും ഡൽഹിയിലെ പ്രസിഡന്റുമാർ തന്നെ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നുവെന്നതാണ് നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

ബിജെപിക്കുവേണ്ടി നിലവിലെ എം.പി മനോജ് തിവാരി തന്നെ വീണ്ടുമിറങ്ങുമ്പോൾ മുൻമുഖ്യമന്ത്രി കൂടിയായ മുതിർന്ന നേതാവ് ഷീല ദീക്ഷിതിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.
കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ ഫലം കാണാതെ വന്നതോടെ ഡൽഹിയിൽ എല്ലാ സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടി വന്ന ആം ആദ്മി പാർട്ടിയും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിയോഗിച്ചിരിക്കുന്നത്.

പാർട്ടിയുടെ മുൻ ഡൽഹി അധ്യക്ഷൻ കൂടിയായ ദിലീപ് പാണ്ഡേയാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി. സാധ്യതകളിൽ മൂന്ന് സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണ് എന്നതിനാൽ തന്നെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ തീപാറുമെന്നുറപ്പാണ്.

Read Also; ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം

2009 ൽ രൂപീകൃതമായ ലോക്‌സഭാ മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. 2009 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയപ്രകാശ്
അഗർവാളാണ് ആദ്യമായി ഇവിടെ നിന്നും ലോക്‌സഭയിലേക്കെത്തിയത്. രണ്ടേകാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിയെ പിന്തള്ളി അഗർവാളിന്റെ വിജയം. എന്നാൽ 2014 ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. ഇതേ ജയപ്രകാശ് അഗർവാൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഗർവാളിന് ആകെ നേടാനായത് മുൻ വർഷത്തെ ഭൂരിപക്ഷത്തേക്കാളും കുറവ് വോട്ടുകൾ മാത്രമായിരുന്നു.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

സിനിമാരംഗത്തു നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ മനോജ് തിവാരി ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ ബിജെപിയുടെ വിജയക്കൊടി നാട്ടിയപ്പോൾ ആം ആദ്മി പാർട്ടിയുടെ ആനന്ദ് കുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. മണ്ഡലം നിലനിർത്താനുറച്ച് മനോജ് തിവാരി ഇത്തവണ വീണ്ടുമിറങ്ങുമ്പോൾ സഖ്യചർച്ചകളിലുണ്ടായ ക്ഷീണമൊഴിവാക്കാൻ സ്വന്തം കരുത്തു തെളിയിക്കേണ്ട ബാധ്യത കൂടിയുണ്ട് മറ്റു രണ്ടു സ്ഥാനാർത്ഥികൾക്കും.

ബുരാരി, രോഹ്താസ് നഗർ, ബാബർപുർ, തിമാർപുർ,ഗോണ്ട, കരാവൽ നഗർ, ഗോഖൽ പുർ, സീമാപുരി, മുസ്തഫാബാദ്, സീലംപുർ എന്നിങ്ങനെ പത്ത് നിയമസഭാ മണ്ഡലങ്ങടങ്ങുന്നതാണ് നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം. ഇതിൽ ഒമ്പതിടത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായിരുന്നു ജയം എന്നതാണ് ശ്രദ്ധേയം. മുസ്തഫാബാദിൽ മാത്രമാണ് ബിജെപിക്ക് എംഎൽഎയുള്ളത്. അവിടെയാകട്ടെ കോൺഗ്രസാണ് രണ്ടാം സ്ഥാനത്തെത്തിയതും. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി നേടിയ വൻവിജയം നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നതു തന്നെയാണ് നിർണായകം.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ സഖ്യ ചർച്ചകൾ നടന്നത് ഡൽഹിയിൽ തന്നെയായിരുന്നെന്ന് പറയാം. കോൺഗ്രസ്-ആം ആദ്മി സഖ്യത്തിനായി ഏറെ ചർച്ചകൾ നടന്നെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിലേക്കെത്തിയില്ല. ഇരുവരും കൈകോർത്താൽ രാജ്യതലസ്ഥാനത്ത് ബിജെപിയെ തറപറ്റിക്കാമെന്നുള്ള കണക്കുകൂട്ടലിൽ മിക്ക പ്രതിപക്ഷ പാർട്ടികളും ഇതിനായി ഏറെ ശ്രമങ്ങൾ നടത്തി. ഹരിയാനയിൽ കൂടി സഖ്യം വേണമെന്ന ആവശ്യം ആം ആദ്മി പാർട്ടി മുന്നോട്ടുവെച്ചതാണ് കോൺഗ്രസിന്റെ അതൃപ്തിക്കിടയാക്കിയത്.

ഒടുവിൽ സഖ്യമില്ലാതെ ഒറ്റയ്ക്കുള്ള പോരാട്ടത്തിനായി കോൺഗ്രസും ആം ആദ്മിയും രംഗത്തിറങ്ങുകയായിരുന്നു. ഒറ്റയ്ക്ക് മത്സരത്തിനിറങ്ങുന്ന കോൺഗ്രസിന് ഡൽഹിയിൽ മികച്ച വിജയം നേടുകയെന്നത് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. അതിനാലാണ് മുതിർന്ന നേതാക്കളെ കോൺഗ്രസ് കൂട്ടത്തോടെ രംഗത്തിറക്കിയിരിക്കുന്നത്.

പ്രധാന മത്സരം നടക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഷീല ദീക്ഷിതിനെ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായാണ്. ഡൽഹി
ഭരിക്കുന്ന ആം ആദ്മി സർക്കാരിനെതിരെയും കേന്ദ്രസർക്കാരിനെതിരെയുമുള്ള  ജന വികാരമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.  മുഖ്യമന്ത്രിയെന്ന നിലയിൽ ഡൽഹിയിൽ താൻ  മുൻപ്  കൊണ്ടു വന്ന വികസന പദ്ധതികളും പ്രചാരണവേദികളിൽ ഷീല ദീക്ഷിത് ഉയർത്തി കാട്ടുന്നുണ്ട്.
.

Read Also; ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം

2015 ലെ ആം ആദ്മി തരംഗം ഇപ്പോഴില്ലെന്നതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകമാണ്. അതേ സമയം തന്നെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്തവരിൽ പ്രധാനിയായ ഷീല ദീക്ഷിതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള അതൃപ്തി കോൺഗ്രസിനെ ആശങ്കയിലാക്കുന്നുമുണ്ട്. സ്ഥാനാർത്ഥി ഷീലയായതിനാൽ തന്നെ മറ്റു മണ്ഡലങ്ങളിൽ ആം ആദ്മിയിൽ നിന്നും കിട്ടിയേക്കാവുന്ന ചെറിയ സഹായങ്ങൾ പോലും ഇവിടെ കോൺഗ്രസ് ഒട്ടും പ്രതീക്ഷിക്കുന്നില്ല.

ഒരു വശത്ത് ബിജെപിയും മറുവശത്ത് ആം ആദ്മിയും അണി നിരക്കുന്ന അങ്ങേയറ്റം വാശിയേറിയ പോരാട്ടത്തിൽ വിജയം എത്തിപ്പിടിക്കാൻ കോൺഗ്രസ് ഏറെ പണിപ്പെടേണ്ടി വരുമെന്നുറപ്പാണ്. എന്തായാലും ഡൽഹി അധ്യക്ഷ തന്നെ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസിന് ചിന്തിക്കാൻ പോലുമാകില്ല.

മത്സരിച്ച ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ മികച്ച പ്രകടനത്തിലൂടെ കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണയും മികച്ച തംരംഗമുണ്ടാക്കാൻ കഴിഞ്ഞാൽ അട്ടിമറി ജയം തന്നെ സാധ്യമായേക്കും. നിയമസഭാ മണ്ഡലങ്ങളിലെ കാര്യമായ വേരോട്ടമാണ്   ആം ആദ്മിയുടെ കരുത്ത്. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിയെന്ന പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനവും ഗുണം ചെയ്യുമെന്നാണ് ആം ആദ്മി സ്ഥാനാർത്ഥി ദിലീപ് പാണ്ഡേയുടെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയിലെ തർക്കങ്ങളും മുതിർന്ന നേതാക്കൾക്കെതിരെ അടുത്തിടെ ഉയർന്ന അഴിമതി ആരോപണങ്ങളുമെല്ലാം ആം ആദ്മി സ്ഥാനാർത്ഥിയുടെ സാധ്യതകൾക്കു മേൽ ആശങ്കയുടെ നിഴൽ വീഴ്ത്തുന്നുണ്ട്.

Read Also; രാംപൂരിൽ കണക്കുകൾ തീർക്കാനുള്ള പോരാട്ടം

പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്-ആം ആദ്മി സഖ്യം ഇല്ലാതായതോടെ മനോജ് തിവാരിയ്ക്ക് മണ്ഡലത്തിൽ രണ്ടാം ജയം അനായാസമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം.

കോൺഗ്രസും ആം ആദ്മിയുമായുള്ള രഹസ്യ കൂട്ടുകെട്ടും വികസനത്തിന്റെ കാര്യത്തിലടക്കം ആം ആദ്മി സർക്കാർ നടപ്പിലാക്കാത്ത വാഗ്ദാനങ്ങളുമെല്ലാം ബിജെപി തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയാക്കുന്നുണ്ട്. സിനിമാ രംഗത്തുനിന്നുള്ളവരടക്കം സജീവമായെത്തുന്നത് പ്രചാരണ രംഗത്ത് മുന്നിലെത്താൻ തിവാരിയ്ക്ക് ഏറെ സഹായകരമായി. ആം ആദ്മി സ്ഥാനാർത്ഥിയ്ക്ക് കോൺഗ്രസിന്റെ വോട്ടുകൾ ചോർന്നില്ലെങ്കിൽ മണ്ഡലത്തിൽ ഇത്തവണയും മനോജ് തിവാരിക്ക് തന്നെ തുടരാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

പാർട്ടികളുടെ പ്രധാന നേതാക്കൾ തമ്മിലുള്ള പോരാട്ടമായതിനാൽ തന്നെ ജയവും തോൽവിയും നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഏറെ ചർച്ചയാകുമെന്നതിൽ സംശയമില്ല. സഖ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ആരോപണങ്ങളുമെല്ലാം വീണ്ടുമുയരുന്നത്  ഇവിടുത്തെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നതിനാൽ തന്നെ ഫലമറിയാൻ ആകാംക്ഷയോടെ കാത്തിരിക്കാം.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here