രാംപൂരിൽ കണക്കുകൾ തീർക്കാനുള്ള പോരാട്ടം

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കിലായിക്കഴിഞ്ഞു.രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…

 

ഉത്തർപ്രദേശിലെ എൺപത് ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് രാംപൂർ. എന്നാൽ യുപിയിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമേതെന്നു നോക്കിയാൽ ഒന്നാം സ്ഥാനവും രാംപൂരിനു തന്നെ ലഭിക്കും. ബദ്ധവൈരികൾ തമ്മിൽ ഇത്തവണ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ അത്രയ്ക്കുമുണ്ട് പോരാട്ടച്ചൂട്.

സമാജ്‌വാദി പാർട്ടിയിലെ കരുത്തനായ നേതാവ് അസംഖാൻ ഇത്തവണ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരത്തിനെത്തുമ്പോൾ എതിരാളിയായി ബിജെപി ടിക്കറ്റിൽ ഇറങ്ങുന്നത് എസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാവും സിനിമാ താരവുമായ ജയപ്രദയാണ്.

സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള തന്റെ പുറത്താകലിന് കാരണക്കാരനായ അസംഖാനെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ മുമ്പ് രണ്ടു തവണ രാംപൂരിനെ പ്രതിനിധീകരിച്ച ജയപ്രദ ലക്ഷ്യമിടുന്നത് വെറുമൊരു ജയം മാത്രമല്ല. രാഷ്ട്രീയ ജീവിതത്തിൽ തന്നെ വേട്ടയാടിയവരോടുള്ള കണക്കു തീർക്കൽ കൂടിയാണ്. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെങ്കിലും രാംപൂരിൽ കോൺഗ്രസ് പേരിന് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. മുൻ എംഎൽഎ സഞ്ജയ് കപൂറാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി.

1957 ലാണ് രാംപൂർ ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. കോൺഗ്രസിനായിരുന്നു ആദ്യത്തെ ജയം. 1962ലും സയ്യിദ് അഹമ്മദ് തന്നെ കോൺഗ്രസിനു വേണ്ടി വിജയം ആവർത്തിച്ചു. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രപാർട്ടിക്കായിരുന്നു വിജയം. തുടർന്ന് 1971 ൽ സുൾഫിക്കർ ഖാനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.

പിന്നീടങ്ങോട്ട് 1989 വരെ സുൾഫിക്കർ ഖാൻ തന്നെയായിരുന്നു രാംപൂരിന്റെ എം.പി. എന്നാൽ 1991 ൽ ബിജെപി അട്ടിമറിയിലൂടെ രാംപൂരിൽ ആദ്യമായി താമര വിരിയിച്ചു. 84ലും 89 ലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ രാജേന്ദ്രകുമാർ ശർമ്മയാണ് അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മൂന്നാമങ്കത്തിൽ ജയിച്ചു കയറിയത്.

എന്നാൽ 96ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിൽ ഇതു നിലനിർത്താൻ ശർമ്മയ്ക്കായില്ല. കോൺഗ്രസിനെ വീണ്ടും രാംപൂരിലെ ജനങ്ങൾ തെരഞ്ഞെടുത്തു. മെഹ്താബ് ബീഗമായിരുന്നു വിജയി. മുസ്ലീം വോട്ടുകൾ കൂടുതലായുള്ള മണ്ഡലത്തിൽ 1998 ൽ ബിജെപി രംഗത്തിറക്കിയത് മുക്താർ അബ്ബാസ് നഖ്‌വിയെയാണ്.
പരീക്ഷണം വിജയിച്ചപ്പോൾ നഖ്‌വി ഇവിടെ നിന്നും ലോക്‌സഭയിലേക്കെത്തിയത് ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മെഹ്താബ് ബീഗം മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചു.

തുടർന്ന് 2004ലാണ് എസ്പി സ്ഥാനാർത്ഥിയായി ജയപ്രദ രാംപൂരിൽ മത്സരത്തിനിറങ്ങുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മത്സരത്തിൽ മെഹ്താബ് ബീഗത്തെ അരലക്ഷത്തോളം വോട്ടുകൾക്ക് കീഴടക്കി ജയപ്രദ കന്നി വിജയം സ്വന്തമാക്കി. 2009 ലും വിജയം ജയപ്രദയ്‌ക്കൊപ്പം തന്നെയായിരുന്നു. എന്നാൽ 2014ൽ രാംപൂർ വീണ്ടും ബിജെപി പക്ഷത്തേക്ക് ചാഞ്ഞു. എസ്പിയുടെ നസീർ അഹമ്മദ് ഖാനെ 24,000 ത്തിലധികം വോട്ടുകൾക്കാണ് ബിജെപിയുടെ നെപാൾ സിങ് മറികടന്നത്.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

ഇത്തവണ തികച്ചും നാടകീയമായിട്ടായിരുന്നു തന്റെ പഴയ തട്ടകത്തിലേക്കുമുള്ള ജയപ്രദയുടെ മടങ്ങിവരവ്. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്നതിനിടെ രാഷ്ട്രീയത്തിലേക്കെത്തിയ ജയപ്രദ ദേവദൂതൻ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികൾക്കും ഏറെ പരിചിതയാണ്. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയപ്രദ 2004 ലാണ് സമാജ്‌വാദി പാർട്ടിയിൽ ചേരുന്നത്.

പാർട്ടിയിൽ താരത്തിളക്കമുള്ള നേതാവായി നിറഞ്ഞു നിന്ന ജയപ്രദ ആദ്യ തെരഞ്ഞെടുപ്പിൽ അനായാസ വിജയവും രാംപൂരിൽ നിന്നു സ്വന്തമാക്കി. എന്നാൽ 2009 ആയപ്പോഴേക്കും കാര്യങ്ങൾ കലങ്ങിമറിഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ അമർസിംഗും അസംഖാനും  തമ്മിൽ
ഏറ്റുമുട്ടൽ രൂക്ഷമായ കാലഘട്ടമായിരുന്നു അത്.പാർട്ടിയിൽ എന്നും ജയപ്രദയുടെ രക്ഷകനായി അറിയപ്പെട്ടിരുന്നയാളായിരുന്നു അമർസിംഗ്. ഈ അടുപ്പം ജയപ്രദയെയും അസംഖാൻ പക്ഷത്തിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി.

Read Also; ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം

2009 ൽ തെരഞ്ഞെടുപ്പ് സമയത്ത് എതിർപക്ഷം ജയപ്രദക്കെതിരെ അവസരം മുതലെടുത്ത് രംഗത്തെത്തി. അമർസിങിന്റെ നിർബന്ധത്തെ തുടർന്ന് രാംപൂർ സീറ്റിൽ ജയപ്രദ തന്നെ സ്ഥാനാർത്ഥിയായെങ്കിലും പ്രചാരണത്തിൽ നിന്നും അസംഖാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിട്ടുനിന്നാണ് പ്രതിഷേധമറിയിച്ചത്.  ക്രൂരമായ പല പ്രതികാര നടപടികളും പാർട്ടിയിലെ പോരിന്റെ പേരിൽ തുടർന്നങ്ങോട്ട് അരങ്ങേറുകയും ചെയ്തു.

പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ ജയപ്രദയുടെയും അമർസിംഗിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ മണ്ഡലത്തിലെമ്പാടും പ്രചരിപ്പിക്കപ്പെട്ടു. എതിർസ്ഥാനാർത്ഥി പോലും ചെയ്യാൻ മടിക്കുന്ന ഇത്തരമൊരു നീക്കത്തിന് പിന്നിൽ അസംഖാനും സംഘവുമാണെന്ന് ജയപ്രദ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും കൊടുത്തു. ഇതിലൊന്നും ഫലമുണ്ടായില്ലെങ്കിലും ക്രൂരമായ മാനസിക പീഡനങ്ങളെയും വ്യാജ പ്രചാരണങ്ങളെയുമെല്ലാം അതിജീവിച്ച് ജയപ്രദ കാൽലക്ഷത്തിലേറെ വോട്ടുകൾക്ക് രാംപൂരിൽ നിന്നും വീണ്ടും ജയിച്ചുകയറി.

പാർട്ടിയുടെ കരുത്തനായ അസംഖാന്റെ എതിർപ്പ് പാർട്ടിയിൽ വീണ്ടും ജയപ്രദയെ വേട്ടയാടിക്കൊണ്ടേയിരുന്നു. ജയപ്രദയുടെ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അസംഖാനെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും നടപടി പിന്നീട് റദ്ദാക്കുകയും അസംഖാൻ മുമ്പത്തേക്കാൾ ശക്തനായി തിരിച്ചെത്തുകയും ചെയ്തു. 2010 ൽ പാർട്ടി അച്ചടക്ക നടപടിയെടുത്തതോടെ അമർസിങും ജയപ്രദയും സമാജ്‌വാദി പാർട്ടി വിടുകയായിരുന്നു.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

തുടർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പാർട്ടി രൂപീകരിച്ച അമർസിങിനൊപ്പം നിന്ന ജയപ്രദ പിന്നീട് 2014 ൽ രാഷ്ട്രീയ ലോക്ദളിൽ ചേർന്നു. 2014 ൽ ആർഎൽഡി സ്ഥാനാർത്ഥിയായി ബിജ്‌നോറിൽ നിന്നും മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ഇത്തവണ ജയപ്രദ വീണ്ടും രാംപൂരിൽ പോരാട്ടത്തിനെത്തിയിരിക്കുന്നത് ബിജെപിയുടെ സഹായത്തോടെയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയപ്രദ ബിജെപിയിലേക്കെത്തിയത്.

തന്നെ രാംപൂരിൽ നിന്നും അസം ഖാനും സംഘവും തുരത്തിയോടിച്ചതാണെന്നും ജീവൻ നഷ്ടപ്പെടുമോയെന്ന് ഭയന്നാണ് താൻ അന്ന് പിൻവാങ്ങിയതെന്നുമാണ് പ്രചാരണ വേദികളിലെല്ലാം ജയപ്രദ ഇപ്പോൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. അവർ തനിക്ക് നേരെ ആസിഡ് ആക്രമണം നടത്താൻ വരെ പദ്ധതിയിട്ടെന്ന് കഴിഞ്ഞ ദിവസം പ്രചാരണ വേദിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജയപ്രദ വ്യക്തമാക്കിയത്. വോട്ടർമാരിൽ പകുതിയിലധികം സ്ത്രീകളുള്ള മണ്ഡലത്തിൽ ഇതെല്ലാം ജയപ്രദയ്ക്ക് സഹതാപ വോട്ടുകളിലേക്കുള്ള വഴിയാണ് ഒരുക്കുന്നതെന്ന് വ്യക്തമാണ്. എതിരാളിയെ കൃത്യമായി ലക്ഷ്യം വെച്ചുള്ള പ്രചാരണ വേദികളിലെ പ്രസംഗങ്ങളിൽ ബിജെപിയുടെ സത്രീസുരക്ഷാ കാഴ്ചപ്പാടുകളും ജയപ്രദ ഉയർത്തികാണിക്കുന്നുണ്ട്.

ബിജെപിയുടെ സിറ്റിങ് സീറ്റിൽ വിജയം തുടരുകയെന്നത് ജയപ്രദയ്ക്ക് അത്ര ദുഷ്‌കരമായൊരു ദൗത്യമല്ല. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും മറുഭാഗത്ത് കേന്ദ്രീകരിക്കുന്ന അവസ്ഥയുണ്ടായാൽ തിരിച്ചടിയാകും. ഇതിനെ മറികടക്കാൻ പ്രചാരണരംഗത്ത് പരമാവധി ശ്രമങ്ങളും ബിജെപി സ്ഥാനാർത്ഥി നടത്തുന്നുണ്ട്. താൻ രണ്ടു തവണ എംപിയായിരുന്നപ്പോഴും ഹിന്ദു-മുസ്ലീം വേർതിരിവ് കാണിച്ചിട്ടില്ലെന്നും ഇനിയും ഇതേ നിലപാടാണ് തുടരുകയെന്നുമാണ് പ്രസംഗങ്ങളിൽ ജയപ്രദ ആവർത്തിക്കുന്നത്.മാത്രമല്ല നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിന് മുന്നോടിയായി അമ്പലത്തിനൊപ്പം മോസ്‌കിലും ജയപ്രദ സന്ദർശനം നടത്തിയതും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് തന്നെയാണ്‌. ബിജെപി വോട്ടുകൾക്ക് പുറമേ മുൻ എംപിയെന്ന നിലയിലും വോട്ടുകൾ സമാഹരിക്കാനായാൽ ജയപ്രദയ്ക്ക് ഇത്തവണ ഇവിടെ വിജയമുറപ്പിക്കാം

ലോക്‌സഭയിലേക്ക് ഇത് ആദ്യ മത്സരമാണെങ്കിലും രാംപൂരിൽ നിന്ന് ഒമ്പത് തവണ യു.പി നിയമസഭയിലെത്തിയ അസം ഖാൻ കരുത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. രാംപൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളെല്ലാം എസ്പിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ് എന്നതും അസംഖാനെ കൂടുതൽ കരുത്തനാക്കുന്നു. മണ്ഡലത്തിൽ നിർണായകമായ മുസ്ലീം വോട്ടുകൾ തന്നെയാണ് അസംഖാന്റെ പ്രധാന ശക്തി.

കോൺഗ്രസ് പ്രത്യക്ഷത്തിൽ സഖ്യത്തിൽ ഇല്ലെങ്കിലും ബിജെപിയെ തോൽപ്പിക്കാനായി കോൺഗ്രസ് വോട്ടുകളും എസ്പിക്ക് പ്രതീക്ഷിക്കാം. അതേ സമയം എതിരാളിക്കെതിരെ വ്യക്തിപരമായി ഇപ്പോഴും നടക്കുന്ന പ്രചാരണങ്ങൾ തിരിച്ചടിയാകുമോയെന്ന ആശങ്കയും സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിനുണ്ട്.

പഴയതട്ടകത്തിലേക്ക് പോരാട്ടത്തിറങ്ങുന്ന വെള്ളിത്തിരയിൽ നിന്നെത്തിയ നായികയും എതിരാളിയായി പഴയ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പരിവേഷങ്ങളുമായി അസംഖാനും കളത്തിലിറങ്ങുമ്പോൾ ക്ലൈമാക്‌സിനായി രാജ്യം  കണ്ണുംനട്ട് കാത്തിരിക്കുകയാണ്.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top