വനിതാ ലോകകപ്പ് വേദികളിൽ കൊച്ചിയും ഗോവയുമില്ല; പ്രതിഷേധവുമായി ആരാധകർ

2020ൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് വേദികളിൽ കൊച്ചിയും ഗോവയുമില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. രാജ്യത്തിൽ ഫുട്ബോളിന് ഏറെ വേരോട്ടമുള്ള കൊച്ചിയെയും ഗോവയെയും ഒഴിവാക്കിയ ഫുട്ബോൾ ഫെഡറേഷൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
2017ൽ നടന്ന പുരുഷന്മാരുടെ അണ്ടർ 17 ലോകകപ്പിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയവും ഗോവ ഫറ്റോർഡ സ്റ്റേഡിയവും ഉൾപ്പെട്ടിരുന്നു. ഈ രണ്ട് വേദികളിലും മോശമല്ലാതെ ആളുകളും എത്തിയിരുന്നു. എന്നാൽ ഡൽഹിയിൽ മുംബൈയിലും താരതമ്യേന കൂടുതൽ ആളുകളെത്തിയിരുന്നു. കൊൽക്കത്ത സാൾട്ട് ലേക്ക് മാത്രമാണ് എല്ലാ മത്സരത്തിലും നിറഞ്ഞത്. അതു കൊണ്ടാവാം ഗോവയ്ക്കും കൊച്ചിക്കും ലോകകപ്പ് വേദി നഷ്ടപ്പെട്ടതെന്നാണ് കണക്കുകൂട്ടൽ.
ബ്രസീലും സ്പെയിനും തമ്മിൽ കൊച്ചിയിൽ നടന്ന ഗ്ലാമർ പോരാട്ടത്തിൽ പോലും 21362 പേർ മാത്രമാണ് എത്തിയത്. 41700 ആണ് കൊച്ചി സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി. അതോടൊപ്പം ഗാലറിയിലെ സുരക്ഷാ പ്രശ്നങ്ങൾ കൂറ്റി കണക്കിലെടുത്താണ് കൊച്ചിയെ ഒഴിവാക്കിയെതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഭുവനേശ്വർ സ്റ്റേഡിയത്തെക്കാൾ എന്തുകൊണ്ടും മികച്ചത് കൊച്ചി സ്റ്റേഡിയമാണെന്നും റിപ്പോർട്ടുകളുണ്ട്. 15000 മാത്രമാണ് ഭുവനേശ്വർ സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി. പുരുഷ അണ്ടർ-17 ലോകകപ്പിലെ 8 മാച്ചുകളിൽ ആകെ 120,254 പേരാണ് കൊച്ചിയിൽ മത്സരങ്ങൾ വീക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here