വിമൻസ് ടി-20 ചലഞ്ചിന് ഇന്നു തുടക്കം; ആദ്യ മത്സരം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിൽ
ഇന്ത്യൻ പ്രീമിയർ ലീഗിനോടനുബന്ധിച്ച് നടത്തുന്ന വിമൻസ് ടി-20 ചലഞ്ചിന് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സിനെ നേരിടും. രാത്രി 7. 30ന് ജയ്പൂർ സാവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ വർഷം മുതലാണ് ഐപിഎല്ലിനു സമാന്തരമായി വിമൻസ് ടി-20 ചലഞ്ച് കൂടി നടത്താൻ ബിസിസിഐ തീരുമാനിക്കുന്നത്. ഇന്ത്യയിൽ വനിതാ ക്രിക്കറ്റിനു പ്രചാരമേറി വരുന്നതായിരുന്നു ഇത്തരത്തിൽ ചിന്തിക്കാൻ ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിൽ പരീക്ഷിച്ചു വിജയിച്ച വിമൻസ് ബിബിഎല്ലും വനിതാ ടി-20 ചലഞ്ച് എന്ന ആശയത്തിനു കരുത്ത് പകർന്നു. കഴിഞ്ഞ വർഷം 2 ടീമുകളെന്നത് ഇക്കൊല്ലം 3 അയി അധികരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ടീമുകളുടെ എണ്ണം വർദ്ധിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
സൂപ്പർ നോവാസ്, ട്രെയിൽബ്ലേസേഴ്സ് എന്നീ ടീമുകൾ കൂടാതെ വെലോസിറ്റി എന്ന മൂന്നാം ടീം കൂടിയാണ് ഇക്കുറിയുള്ളത്. ഇന്ത്യൻ ഏകദിന-ടെസ്റ്റ് ക്യാപ്റ്റൻ മിഥാലി രാജാണ് വെലോസിറ്റിയെ നയിക്കുക.
അതേ സമയം ഇക്കൊല്ലത്തെ ടീമുകളിൽ ദക്ഷിണാഫ്രിക്കൻ, ഓസ്ട്രേലിയൻ കളിക്കാർ ഇല്ല എന്നത് ടൂർണമെൻ്റിൻ്റെ ജനപ്രീതിക്ക് തിരിച്ചടിയാകും. മെയ് ആറിനു തുടങ്ങുന്ന പാക്കിസ്ഥാൻ സീരീസാണ് ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ പങ്കാളിത്തം ഇല്ലാതാക്കിയത്. മെയ് 13ന് ബ്രിസ്ബനിൽ തുടങ്ങുന്ന പ്രീ-ആഷസ് ക്യാമ്പിനെത്തുടർന്നാണ് ഓസ്ട്രേലിയൻ കളിക്കാർ ടൂർണമെൻ്റിൽ നിന്നും വിട്ട് നിൽക്കുന്നത്.
അതേ സമയം, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഈ ടി-20 ചലഞ്ചിൽ പങ്കെടുക്കും. അവരോടൊപ്പം ഇംഗ്ലണ്ട്, ന്യൂസിലൻഡ് കളിക്കാരും മൂന്ന് ടീമുകളിലായി ജേഴ്സി അണിയും. വെസ്റ്റ് ഇൻഡീസിൽ നിന്നും സ്റ്റെഫാനി ടെയ്ലർ, ഹീലി മാത്യൂസ്, ഷക്കീറ സല്മാൻ എന്നിവരും ശ്രീലങ്കയിൽ നിന്ന് ചമരി അട്ടപ്പട്ടുവും ബംഗ്ലാദേശിൽ നിന്ന് ജഹനാര ആലവുമാവും കളിക്കുക.
ഹർമൻപ്രീതിൻ്റെ സൂപ്പർനോവാസിൻ്റെ പരിശീലകൻ ഇന്ത്യ വനിതാ ടീം കോച്ച് ഡബ്ല്യു വി രാമനാണ്. മന്ദനയുടെ ട്രെയിൽബ്ലേസേഴ്സിനെ ഫീൽഡിംഗ് കോച്ച് ബിജു ജോർജ്ജും മിഥാലിയുടെ വെലോസിറ്റിയെ മുൻ ഇന്ത്യൻ താരം മമത മേബനും പരിശീലിപ്പിക്കും.
ടീം ലിസ്റ്റ്
സൂപ്പർനോവാസ്: ഹെർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അനുജ പാട്ടീൽ, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, മൻസി ജോഷി, പൂനം യാദവ്, പ്രിയ പുനിയ, രാധാ യാദവ്, തനിയാ ഭാട്ടിയ (വിക്കറ്റ് കീപ്പർ), ചമരി അട്ടപ്പട്ടു *, ലേ തഹുഹു *, സോഫി ഡിവൈൻ *, നഥാലി സിവർ *
ട്രെയിൽബ്ലേസേഴ്സ്: സ്മൃതി മന്ദന (ക്യാപ്റ്റൻ), ഭാരതി ഫുൽമലി, ഡേയ്ലൻ ഹേമലത, ദീപ്തി ശർമ, ഹർലിൻ ഡിയോൾ, ജാസിയ അക്തർ, ജുലാൻ ഗോസ്വാമി, ആർ കൽപന, രാജേശ്വരി ഗായകവാദ്, സുസീ ബെറ്റ്സ് *, സോഫി എക്സൽട്ടൺ *, ഷക്കീര സെൽമാൻ *, സ്റ്റഫാനി ടെയ്ലർ *
വെലോസിറ്റി: മിഥാലി രാജ് (സി), ദേവിക വൈദ്യ, ഏക്ത ബിഷ്ത്, കോമൽ സൻസാദ്, ഷഫലി വർമ, ശിഖ പാണ്ഡെ, സുഷമ വർമ, സുഷ്രി ദിവ്യദർശിനി, വേദാ കൃഷ്ണമൂർത്തി, അമീലിയ കെർ*, ഡാനിയൽ വ്യാട്ട്*, ഹെയ്ലി മാത്യൂസ് *, ജഹാനര ആലം *,
*വിദേശ കളിക്കാർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here