കോഹ്‌ലി ദേഷ്യപ്പെട്ടു; മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അമ്പയർ
സൺ റൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ തന്നോട് ദേഷ്യപ്പെട്ട ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയോടുള്ള ദേഷ്യത്തിന് അമ്പയർ നീല്‍ ലോംഗ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയർമാരുടെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച നീൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് 5000 രൂപ പിഴയടച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
മത്സരത്തിലെ അവസാന ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം ബോൾ അമ്പയർ ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും കോഹ്ലിയും തര്‍ക്കിച്ചു. ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോള്‍ വിളിച്ച തീരുമാനം പിന്‍വലിച്ചില്ല.
ഇതിനുശേഷം മത്സരം പൂര്‍ത്തിയാക്കി അമ്പയര്‍ റൂമിലെത്തിയപ്പോഴാണ് ലോംഗ് അരിശത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഇടപെട്ടാണ് നീലിന് 5000 രൂപ പിഴ വിധിച്ചത്. ഇക്കാര്യം ബിസിസിഐ ഇടക്കാല ഭരണസിമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനല്‍ നിയന്ത്രിക്കുന്നതും ലോംഗാണ്. ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്പയര്‍ കൂടിയാണ് ലോംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here