യുഎഇയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ ഇനി മുതൽ വൈഫൈ, റഫ്രിജറേറ്റർ, ആധുനിക സുരക്ഷ സംവിധാനങ്ങളും

യുഎഇയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന്റെ നിർദ്ദേശം. വൈഫൈ കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിൽ വേണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകി. ഇത് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാൻ ബസുകളിൽ വാർഷിക പരിശോധനയും നിർബന്ധമാക്കും.
യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ ശീതീകരണ സംവിധാനം വേണം. വൈഫൈ കണക്ഷന് പുറമെ തണുത്ത വെള്ളം ലഭ്യമാക്കുന്ന റഫ്രിജറേറ്ററുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, ആധുനിക സുരക്ഷ സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം. മുഴുവൻ എമിറേറ്റുകളിലെയും തൊഴിലാളി ബസുകൾ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു ബസുകളിൽ വാർഷിക പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മെക്കാനിക്‌സ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് അൽ ശംസി പറഞ്ഞു.
ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരും. ലോഗോ, സ്ഥാപനത്തിന്റെ പേര്, വേഗ നിയന്ത്രണ സ്റ്റിക്കർ, പരാതികളുണ്ടെങ്കിൽ സ്ഥാപനത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ബസിൽ പതിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here