അയോധ്യ കേസ്; മധ്യസ്ഥ സമിതിക്ക് സമയം നീട്ടി നൽകി
അയോധ്യ-ബാബറി മസ്ജിദ് ഭൂമി കേസിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിക്ക് സമയം നീട്ടി നൽകി. ഓഗസ്റ്റ് പതിനഞ്ച് വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നടപടി.
സമിതി അധ്യക്ഷൻ എഫ് എം ഖലീഫുള്ള നൽകിയ ഇടക്കാല റിപ്പോർട്ടിൽ കൂടുതൽ സമയം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഒത്ത് തീർക്കാനാകുമെന്ന് പ്രതീക്ഷുള്ളതായി സമിതി റിപ്പോർട്ടിൽ പറയുന്നു.
എഫ് എം ഖഫീലുള്ളയെ കൂടാതെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കരാണ് സമിതി അംഗങ്ങൾ. അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചർച്ചകൾ നന്നായാണ് പുരോഗമിക്കുന്നതെന്നും പ്രശ്‌നം ഒത്ത് തീർപ്പാക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുള്ളതായും സമിതി റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് പതിനഞ്ച് വരെ സമയം നീട്ടി നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി സമയം നീട്ടി നൽകുകയായിരുന്നു.
മധ്യസ്ഥ സമിതിയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളിൽ കേസിലെ പ്രധാന കക്ഷികളുടെ അഭിഭാഷകരും ഇന്ന് കോടതിയിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ കഴിഞ്ഞ മാർച്ച് എട്ടിന് നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here