‘പ്രാന്തങ്കണ്ടലിൻ കീഴെവെച്ചല്ലേ പണ്ട് നുമ്മ കണ്ടത്?; തൊട്ടപ്പനിലെ ആദ്യ ഗാനം പുറത്തിറങ്ങി

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പ്രാന്തങ്കണ്ടലിൻ കീഴെവെച്ചല്ലേ പണ്ട് നുമ്മ കണ്ടത്’ എന്ന് തുടങ്ങുന്ന ഗാനം വളരെ മനോഹരവും വ്യത്യസ്തവുമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. സിതാര കൃഷ്ണകുമാറും പ്രദീപ് കുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവി അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗീരീഷ് കുട്ടനാണ്.
ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. വിനായകനാണ് തൊട്ടപ്പനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് നായിക. ദിലീഷ് പോത്തൻ, ലാൽ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ, റോഷൻ, ബിനോയ് നമ്പാല, ഉൾപ്പെടെ ചിത്രത്തിൽ അണിനിരക്കുന്നു.
ഷാനവാസിന്റെ ആദ്യ സിനിമ കിസ്മത്ത് പറയുന്നത് ജാതി രാഷ്ട്രീയവും വിജാതീയ പ്രണയവുമാണെങ്കിൽ തൊട്ടപ്പൻ പറയുന്നത് തൊട്ടപ്പന്റെയും കുഞ്ഞാടിന്റെയും ജീവിതവും മരണവുമാണ്. കഥാകൃത്ത് കൂടിയായ പി എസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here