ചൂർണിക്കര വ്യാജരേഖ കേസ്; മുഖ്യപ്രതി പിടിയിൽ

ചൂർണിക്കരയിൽ ഭൂമി തരംമാറ്റാൻ വ്യാജരേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിൽ. ഇടനിലക്കാരനായ ആലുവ സ്വദേശി അബുവാണ് പിടിയിലായത്. എറണാകുളം റൂറൽ പൊലീസാണ് അബുവിനെ പിടികൂടിയത്. വ്യാജരേഖയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകി.
അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. വ്യാജരേഖ ചമച്ചതിന് സഹായിച്ച ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെത്തേക്കുമെന്നാണ് വിവരം, ഒളിവിലായിരുന്ന അബുവിന്റെ വീട്ടിൽ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളാണ് റെയ്ഡിൽ പൊലീസ് പിടികൂടിയത്.
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here