തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരം; മദപ്പാടില്ലെന്ന് ഡോക്ടർമാരുടെ സംഘം; മെഡിക്കൽ പരിശോധന പൂർത്തിയായി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാരുടെ സംഘം. ആനയ്ക്ക് മദപ്പാടില്ല. ശരീരത്തിൽ മുറിവുകളില്ലെന്നും കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.
ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂർ നീണ്ടുനിന്നു.

എഴുന്നള്ളിക്കുന്നതിന് തടസ്സമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ആനയ്ക്കില്ലെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധപരിശോധനയിൽ ബോധ്യപ്പെട്ടാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാനായേക്കും. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങിൽ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക. രാവിലെ ഒൻപത് മുതൽ പത്തര വരെ ഒന്നര മണിക്കൂർ സമയമായിരിക്കും എഴുന്നള്ളിപ്പിന് അനുവദിക്കുക.

ജില്ല കലക്ടർ ടി വി അനുപമയുടെ നേതൃത്വത്തിൽ ചേർന്ന നാട്ടാന നിരീക്ഷണ സമിതി ഇന്നലെയെടുത്ത തീരുമാന പ്രകാരമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധന നടത്തിത്. ആരോഗ്യ ക്ഷമത പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ആന ഉടമ സംഘടന ഇന്നലെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top