Advertisement

തെക്കേഗോപുരനട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂരത്തിന് തുടക്കമായി

May 12, 2019
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂരങ്ങളുടെ പൂരം തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. തെക്കേഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ഏകഛത്രാദിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തിറങ്ങി. വൻ ജനാവലിയാണ് ചടങ്ങുകൾ കാണാൻ വടക്കുംനാഥക്ഷേത്രത്തിൽ എത്തിയിരിക്കുന്നത്. പൂരനഗരി അക്ഷരാത്രത്തിൽ പൂരത്തിന്റെ ലഹരിയിലാണ്.

നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി. എന്നാൽ ആർപ്പ് വിളിക്കരുതെന്ന മുന്നറിയിപ്പ് ദേവസ്വം ഭാരവാഹികൾ നൽകുന്നുണ്ടായിരുന്നു. തുടർന്ന് മണികണ്ഠനാലിൽ നിന്നും കൊമ്പൻ തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുവാങ്ങി. പിന്നാലെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

കർശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയിൽ ഇത്തവണയുള്ളത്. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആർപ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യർത്ഥനകൾക്കിടെയാണ് ചടങ്ങുകൾ നടന്നത്.

കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കളക്ടർ ഇന്നലെ അനുമതി നൽകിയത്. ആനയെ ലോറിയിൽ വടക്കുംനാഥ ക്ഷേത്രപരിസരത്ത് കൊണ്ടുവരികയും ചടങ്ങ് പൂർത്തിയായാൽ ഉടൻ തിരികെ കൊണ്ടുപോകുകയും വേണമെന്ന് കളക്ടറുടെ നിർദ്ദേശത്തിൽ ഉണ്ടായിരുന്നു. ആനയുടെ അരികിലേക്ക് പോകുന്നതിനും സെൽഫിയെടുക്കുന്നതിനും വിലക്കുണ്ട്.

കഴിഞ്ഞ ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

പൂരം നാളെ

നെയ്തലക്കാവിലമ്മ ഇന്ന് തുറന്നിടുന്ന തെക്കേഗോപുരനടയിലൂടെയാണ് പൂരത്തിന് തുടക്കം കുറിച്ച് നാളെ പുലർച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളുക. മറ്റു ഘടകക്ഷേത്ര പൂരങ്ങളും ഊഴമനുസരിച്ച് വിവിധ സമയങ്ങളിൽ വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ തിരുവമ്പാടിയുടെയും ഉച്ചയ്ക്ക് പാറമേക്കാവിന്റെയും പൂരം എഴുന്നള്ളിപ്പുകൾ ആരംഭിക്കും.

രാവിലെ 11.30ന് തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിച്ചാൽ പാറമേക്കാവ്തിരുവമ്പാടി ഭഗവതിമാർ തെക്കോട്ടിറങ്ങും. തുടർന്ന് ഇരു ഭഗവതിമാരും മുഖാമുഖമെത്തിയാൽ വൈകിട്ട് 5.30ന് കുടമാറ്റം. ഒന്നര മണിക്കൂറോളം നീളുന്ന കുടമാറ്റത്തോടെ പകൽപൂരം സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement