പൂരം വിളംബരം ചെയ്യാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും; അനുമതി കർശന ഉപാധികളോടെ

തൃശൂർ പൂര വിളിംബരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പൂര വിളംബരത്തിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടർ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റർ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്. നാല് പാപ്പാൻമാരുടെ സംരക്ഷണത്തിൽ വേണം ആനയെകൊണ്ടുവരാൻ. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമേ ഉപയോഗിക്കാവു. ഒമ്പതര മുതൽ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാൻ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ മെഡിക്കൽ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തൃപ്തികരമാണെന്നാണ് പരിശോധിച്ച മൂന്നംഗ സംഘം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ പൂര വിളംബര ചടങ്ങിൽ പങ്കെടുപ്പിക്കാൻ കളക്ടർ അനുമതി നൽകിയത്. ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ തെച്ചിക്കോട്ട് രാമചന്ദ്രന്നെ മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം പരിശോധിച്ചത്. പരിശോധന ഒരു മണിക്കൂർ നീണ്ടു നിന്നു.
കഴിഞ്ഞ ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here