തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാനുള്ള വിലക്ക് നീങ്ങും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരങ്ങളിൽ എഴുന്നള്ളിപ്പിക്കുന്നതിനുള്ള വിലക്ക് നീങ്ങും. വൈദ്യ സംഘം ജില്ലാ കളക്ടർക്ക് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു. നിബന്ധനകളോടെ ആനയ്ക്ക് എഴുന്നള്ളിപ്പ് ആകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read Also: വയനാടിന് സഹായമെത്തിക്കാൻ ചുരം കയറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ‘രാമരഥവും’
എഴുന്നള്ളിപ്പുകളിൽ നിന്ന് ഏറെ നാൾ നീണ്ട വിലക്ക് നീക്കാൻ ഉതകുന്ന തരത്തിലാണ് വൈദ്യസംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാലുകളിലെ മുറിവ് ഉണങ്ങുന്നതിനായി ആനയ്ക്ക് രണ്ട് ആഴ്ച കൂടി വിശ്രമം നൽകണം. നിബന്ധനകൾക്ക് വിധേയമായി എഴുന്നള്ളിപ്പ് ആകാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
രണ്ട് ആഴ്ചക്ക് ശേഷം നാട്ടാന നിരീക്ഷണ കമ്മറ്റി യോഗം ചേരും. തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അപ്പോഴുള്ള ആനയുടെ ആരോഗ്യ നില പരിഗണിച്ചാകും അക്കാര്യം തീരുമാനിക്കുകയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
നേരത്തെ ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ട് പേർ മരിക്കാനിടയായ സംഭവത്തിലായിരുന്നു വനം വകുപ്പ് ആനയ്ക്ക് എഴുന്നള്ളിപ്പുകളിൽ വിലക്കേർപ്പെടുത്തിയത്. പിന്നീട് തൃശൂർ പൂരവിളംബരം അറിയിച്ചുകൊണ്ടുള്ള ചടങ്ങിൽ ആനയെ കർശന നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു. ആനക്കമ്പക്കാർക്ക് ഇടയിൽ പേരെടുത്ത രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന ആവശ്യം ഏറെ നാളായി പല കോണുകളിൽ നിന്നായി ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here