Advertisement

ചെന്നൈ ശരാശരി ടീമോ?; ഒരു വിശകലനം

May 13, 2019
Google News 0 minutes Read

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഏറ്റവും കൂടുതൽ ഉയർത്തിയ ഒരു വാദമാണ് ചെന്നൈ ശരാശരി ടീം ആയിരുന്നു എന്നത്. ശരാശരി ടീമുമായി ഇവിടെ വരെ എത്തിയല്ലോ എന്നതായിരുന്നു നവമാധ്യമങ്ങളിൽ ഏറ്റവുമധികം ഉയർന്നു കേട്ട ന്യായവാദം. എന്നാൽ ഈ വാദം ശരിയാണോ എന്ന് കൃത്യമായി പരിശോധിച്ചാൽ അങ്ങനെയല്ല എന്ന് വ്യക്തമാകും.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സ്ക്വാഡ് ഒരിക്കലും ശരാശരി ആയിരുന്നില്ല. മറിച്ച് പ്രായാധിക്യം ഉള്ളതായിരുന്നു. ചെന്നൈ സ്ക്വാഡ് ഒന്നു പരിശോധിക്കാം. സുരേഷ് റെയ്ന, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റായുഡു, മുരളി വിജയ് എന്നിവരായിരുന്നു ടീമിലെ പ്രധാനപ്പെട്ട ബാറ്റ്സ്മാന്മാർ. ധ്രുവ് ഷോറെ, ഋതുരാജ് ഗെയ്ക്‌വാദ് എന്നീ യുവതാരങ്ങൾ കൂടി ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ഗെയ്ക്‌വാദ് ഒരു കളി പോലും കളിച്ചില്ല. ഷോറെ കളിച്ചത് രണ്ട് കളി മാത്രം.

സുരേഷ് റെയ്ന ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ. 198 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 5368 റൺസാണ് റെയ്നയുടെ സമ്പാദ്യം. 137 സ്ട്രൈക്ക് റേറ്റും 33നു മുകളിൽ ശരാശരിയും റെയ്നയ്ക്കുണ്ട്. ഫാഫ് ഡുപ്ലെസിസ് 2012 മുതൽ ചെന്നൈ ടീമിലുണ്ട്. സ്ഥിരതയാർന്ന പ്രകടനമാണ് ഫാഫും നടത്തിക്കൊണ്ടിരുന്നത്. 71 മത്സരങ്ങളിൽ നിന്ന് 31 ശരാശരിയിൽ 1853 റൺസാണ് ഫാഫിൻ്റെ സമ്പാദ്യം. 126നു മുകളിലാണ് ഫാഫിൻ്റെ സ്ട്രൈക്ക് റേറ്റ്. മുംബൈ ഇന്ത്യൻസിൽ 10 കൊല്ലം നീണ്ട സ്ഥിരതയാർന്ന പ്രകടനങ്ങൾക്കു ശേഷമാണ് റായുഡു ചെന്നൈ നിരയിലെത്തുന്നത്. ചെന്നൈയിൽ കഴിഞ്ഞ സീസണിൽ ഓപ്പണിംഗ് വേഷമണിഞ്ഞ റായുഡു ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്നു. 147 മാച്ചുകളിൽ 3300 റൺസാണ് റായുഡുവിന് ഐപിഎല്ലിലുള്ളത്. ശരാശരി 29, സ്ട്രൈക്ക് റേറ്റ് 126. കഴിഞ്ഞ സീസണിൽ ചെന്നൈക്കു വേണ്ടി 150 സ്ട്രൈക്ക് റേറ്റിൽ 602 റൺസ്. ചെന്നൈയുടെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ. 2009 മുതൽ 2013 വരെ ചെന്നൈക്കു വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചയാളാണ് മുരളി വിജയ്. 2018ൽ വീണ്ടും ടീമിലേക്ക്. 103 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2587 റൺസുകളാണ് മുരളി വിജയ് സ്കോർ ചെയ്തത്. ശരാശരി 27, സ്ട്രൈക്ക് റേറ്റ് 123.

ഓൾറൗണ്ടർ പട്ടികയെടുത്താൽ ഷെയിൻ വാട്സൺ, ഡ്വെയിൻ ബ്രാവോ, രവീന്ദ്ര ജഡേജ, കേദാർ ജാദവ്, മിച്ചൽ സാൻ്റ്നർ എന്നീ വലിയ പേരുകാർക്കൊപ്പം സ്കോട്ട് കുഗ്ഗെൽജെയിൻ, മൊനു കുമാർ, ചൈതന്യ ബിഷ്ണോയ് എന്നിവരാണ് ഈ വർഷം ചെന്നൈയിൽ കളിച്ചത്. വാട്സൺ ഒരു ഗംഭീര ബിബിഎൽ സീസൺ കഴിഞ്ഞാണ് ഇക്കൊല്ലം ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളായി വാട്സൺ ചെന്നൈയിൽ കളിക്കുന്നു. കഴിഞ്ഞ സീസണിൽ 555 റൺസാണ് വാട്സൺ അടിച്ചു കൂട്ടിയത്. 154 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഐപിഎൽ ചരിത്രമെടുത്താൽ 134 മത്സരങ്ങളിൽ നിന്നും 3575 റൺസ്. 31 ശരാശരിയും 139 സ്ട്രൈക്ക് റേറ്റും. ഡ്വെയിൻ ബ്രാവോ 2011 മുതൽ ചെന്നൈയിൽ കളിക്കുന്നു. കഴിഞ്ഞ കൊല്ലം തിരിച്ചെത്തി. ബ്രാവോയുടെ ഡെത്ത് ഓവറുകളായിരുന്നു കഴിഞ്ഞ സീസണിലെ ചെന്നൈയുടെ വിജയമന്ത്രം. 134 മാച്ചുകളിൽ നിന്നായി 23 ശരാശരിയിൽ 1483 റൺസാണ് ഇതുവരെ ബ്രാവോ ഐപിഎല്ലിൽ നേടിയത്. സ്ട്രൈക്ക് റേറ്റ് 128. ബൗളിംഗിൽ 8.4 എക്കണോമിയിൽ 147 വിക്കറ്റുകൾ. കഴിഞ്ഞ സീസണിൽ 14 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ചെന്നൈക്കു വേണ്ടി രണ്ടാമത്. ജഡേജ 2012 മുതൽ ചെന്നൈയിലുണ്ട്. 170 മാച്ചുകൾ, 7.58 എക്കണോമിയിൽ 108 വിക്കറ്റുകൾ. ബാറ്റിംഗ് നോക്കിയാൽ 122 സ്ട്രൈക്ക് റേറ്റിലും 24 ശരാശരിയിലും 1927 റൺസ്. കഴിഞ്ഞ സീസണിൽ ചെന്നൈ ലേലത്തിലെടുത്ത കേദാർ ജാദവിന് പരിക്കു പറ്റി ഏറെയൊന്നും കളിക്കാനായില്ല. 79 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 126 സ്ട്രൈക്ക് റേറ്റും 23 ശരാശരിയും കേദാറിനുണ്ട്. 2018 മുതൽ സാൻ്റ്നർ ഐപിഎല്ലിലുണ്ട്. കഴിഞ്ഞ സീസണിൽ കളിച്ചില്ല. കൂറ്റൻ ഷോട്ടുകൾ കളിക്കാനറിയാമെന്ന് തെളിയിച്ചയാളാണ് സാൻ്റ്നർ. ഇക്കൊല്ലം നാല് മത്സരങ്ങൾ കളിച്ചു. 6.71 എക്കണോമിയിൽ 4 വിക്കറ്റുമിട്ടു.

വിക്കറ്റ് കീപ്പർമാരായി ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഫിനിഷറും ക്യാപ്റ്റനുമായ എംഎസ് ധോണി, സാം ബില്ലിംഗ്സ് എന്നിവർ. അദ്ദേഹത്തെപ്പറ്റി ഏറെയൊന്നും പറയേണ്ടതില്ല. 190 മത്സരങ്ങളിൽ നിന്ന് 42 ആണ് ശരാശരി. 138 സ്ട്രൈക്ക് റേറ്റിൽ 4432 റൺസും ധോണി ഐപിഎല്ലിൽ സ്കോർ ചെയ്തു. ബില്ലിംഗ്സ് കഴിഞ്ഞ സീസണിൽ ടീമിലെത്തി. 8 മത്സരങ്ങളിൽ നിന്ന് 138 സ്ട്രൈക്ക് റേറ്റിൽ 108 റൺസ് ബില്ലിംഗ്സ് സ്കോർ ചെയ്തു. മൊത്തം 22 മത്സരങ്ങളിൽ നിന്ന് 133 സ്ട്രൈക്ക് റേറ്റിൽ 334 റൺസ്. ശരാശരി 18.

ഇനി ബൗളർമാർ. ദീപക് ചഹാർ, ഷർദ്ദുൽ താക്കൂർ, ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, മോഹിത് ശർമ്മ എന്നിവർക്കൊപ്പം കെഎം ആസിഫും കരൺ ശർമ്മയും. കഴിഞ്ഞ സീസണിൽ ടീമിലെത്തി. ആ സീസണിൽ 10 വിക്കറ്റ്. ഈ സീസണിൽ 22 വിക്കറ്റ്. പവർ പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ബൗളർ. ആകെ 34 ഐപിഎൽ മത്സരങ്ങൾ കളിച്ച ചഹാർ 7.63 എക്കണോമിയിൽ ഇട്ടത് 33 വിക്കറ്റ്. ഷർദുൽ താക്കൂർ കഴിഞ്ഞ സീസണിൽ 16 വിക്കറ്റുകളുമായി ചെന്നൈയുടെ ടോപ്പ് വിക്കറ്റ് ടേക്കറായിരുന്നു. ആകെ 36 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ വിക്കറ്റ്. എക്കണോമി 9. 2013ൽ ചെന്നൈയിലെത്തിയ മോഹിത് ഇടക്ക് മൂനു കൊല്ലം കിംഗ്സ് ഇലവൻ ജേഴ്സിയണിഞ്ഞു. ഇക്കൊല്ലം വീണ്ടും ചെന്നൈയിൽ. 85 മാച്ചിൽ നിന്നും മോഹിതിനുള്ളത് 91 വിക്കറ്റുകൾ. എക്കണോമി 8.41. ഹർഭജൻ സിംഗ് നീണ്ട 10 കൊല്ലം മുംബൈക്കു വേണ്ടി സമാനതകളില്ലാത്ത പ്രകടനം നടത്തിയ ശേഷം കഴിഞ്ഞ സീസണിൽ ചെന്നൈയിലെത്തി. കഴിഞ്ഞ സീസണിൽ 7 വിക്കറ്റ്. ആകെ 160 ഐപിഎൽ മത്സരങ്ങൾ. 7.05 എക്കണോമിയിൽ 150 വിക്കറ്റുകൾ. 2017ൽ റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളിട്ട താഹിർ കഴിഞ്ഞ സീസണിൽ ചെന്നൈയിലെത്തി. 6 മത്സരം മാത്രം കളിച്ച താഹിർ 6 വിക്കറ്റുകളിട്ടു. ഈ സീസണിൽ പർപ്പിൾ ക്യാപ്പ് ഹോൾഡർ. ആകെ ഐപിഎൽ മത്സരങ്ങളിൽ 7.88 എക്കണോമിയിൽ 79 വിക്കറ്റുകൾ. 55 മാച്ചുകൾ.

ചെന്നൈയിൽ ഒരു മത്സരം പോലും കളിക്കാത്തവരെപ്പറ്റി പരാമർശമില്ല. മേൽപറഞ്ഞ, കോർ ടീമിൽ കളിച്ച എല്ലാവരും ദേശീയ ടീം അംഗങ്ങളോ ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരോ ആണ്. ചഹാറും താക്കൂറും മാത്രമാണ് ദേശീയ ടീമിൽ ഒന്ന് എത്തി നോക്കിയിട്ട് പോയത്. ബാക്കിയെല്ലാവരും അതാത് ദേശീയ ടീമിൽ കളിച്ച് കഴിവു തെളിയിച്ചവർ. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവർ. കുറച്ചധികം മാച്ച് വിന്നർമാർ. എല്ലാത്തിലുമുപരി സ്പിൻ ഹെവി സ്ക്വാഡും ചെപ്പോക്കിലെ സ്പിൻ സ്വർഗമായ പിച്ചും. ഇനി പറയൂ, ചെന്നൈ ശരാശരി ടീം തന്നെയാണോ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here