പിജെ ജോസഫിന് ഒരു പദവിയും വിട്ടുനൽകേണ്ടെന്ന മാണി പക്ഷത്തിന്റെ നിലപാടിൽ കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തി

പിജെ ജോസഫിന് ഒരു പദവിയും വിട്ടുനൽകേണ്ടെന്ന മാണി പക്ഷത്തിന്റെ നിലപാടിൽ കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തി. പാർട്ടി പിളർപ്പിലേക്ക് നീങ്ങിയാലും ചെയർമാൻ, പാർലമെന്ററി പാർട്ടി നേതൃസ്ഥാനങ്ങൾ വിട്ടു നൽകേണ്ടെന്നാണ് ജോസ് കെ മാണി അനുകൂലികളുടെ തീരുമാനം. അതിനിടെ സമവായ ചർച്ചകൾക്കുള്ള ശ്രമങ്ങളും അണിയറയിൽ തുടങ്ങി.
മരണം വരെ പാർട്ടിയെ നയിച്ച കെ.എം മാണിയുടെ നാൽപ്പത്തിയൊന്നാം ചരമ ദിനത്തിനു മുമ്പ് തന്നെ അധികാരത്തിനായി പാർട്ടിയിൽ ലഹള തുടങ്ങി. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിന്റെ മോഹങ്ങളെ മുളയിലേ നുള്ളാൻ പാർട്ടി മുഖപത്രം തന്നെ ആദ്യ ആയുധമാക്കി. ജില്ലാ പ്രസിഡന്റുമാർ മുഖേന ജോസ് കെ മാണിയുടെ പേര് ഉയർത്തിക്കാട്ടുകയും ചെയ്തു. സഭയിലും പാർട്ടിയെ നയിക്കാൻ മറ്റാരെയും അനുവദിക്കില്ലെന്ന നിലപാടും മാണി പക്ഷം വ്യക്തമാക്കി. ഇതിനായാണ് സിഎഫ് തോമസിനെ പാർലമെന്റി പാർട്ടി ലീഡറാക്കുക എന്ന ആവശ്യം. താൽകാലികമായെങ്കിലും ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടിവരുമെന്നതിനാൽ മാണി പക്ഷം കെ.എം മാണി അനുസ്മരണം പോലും നടത്തിയില്ല.
Read Also : പിജെ ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ല : ജോസ് കെ മാണി
പാർട്ടിയിലും യു.ഡി.എഫിലും മുതിർന്ന നേതാക്കളുടെ പിന്തുണ തേടാനാണ് പി.ജെ ജോസഫിന്റെ നീക്കം. കോട്ടയം സീറ്റ് ചർച്ച പോലെ അട്ടിമറിയുണ്ടായാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങും. ജോസ് കെ മാണിയാണ് ചെയർമാനാകുന്നതെങ്കിൽ പാർലമെന്റി പാർട്ടി നേതൃസ്ഥാനം പിജെ ജോസഫിന് നൽകി പിളർപ്പ് ഒഴിവാക്കാനാണ് മുതിർന്ന നേതാക്കൾ ചർച്ച നടത്തുന്നത്. ഇതിന് മാണി പക്ഷം വഴങ്ങാൻ സാധ്യതയില്ല. പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും കേരള കോൺഗ്രസിന് എളുപ്പമാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here