Advertisement

നെയ്യാറ്റിൻകരയിലേത് ദൗർഭാഗ്യകരമായ സംഭവം; നഷ്ടപരിഹാരം ബാങ്കിൽ നിന്നും ഈടാക്കണമെന്ന് മന്ത്രി തോമസ് ഐസക്

May 14, 2019
Google News 0 minutes Read

നെയ്യാറ്റിൻകരയിൽ ഉണ്ടായത് അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് ധനമന്ത്രി തോമസ് ഐസക്. സാവകാശം തേടിയിട്ടും അതു നൽകാത്തത് ശരിയല്ല. ബാങ്ക് നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണ്. വിഷയത്തിൽ വിശദമായ അന്വേഷണം വേണം. വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്ക് തയാറാകണമെന്നും മന്ത്രി പറഞ്ഞു.

കിടപ്പാടം ജപ്തി ചെയ്യാൻ പാടില്ല എന്നത് സംസ്ഥാന സർക്കാരിന്റെ നയമാണ്. ആ നയത്തിന് വിരുദ്ധമായാണ് നടപടി ഉണ്ടായിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ സർക്കാർ പറയുന്നത് പോലും കേൾക്കുന്നില്ല. സ്ഥലം എംഎൽഎ രണ്ട് മാസത്തെ സാവകാശം ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് വിരുദ്ധമായ നടപടിയാണ് ബാങ്ക് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വായ്പ എടുത്ത തുക അടയ്ക്കില്ലെന്ന് കുടുംബം പറഞ്ഞിട്ടില്ല. വായ്പ അടയ്ക്കാൻ സാവകാശമാണ് ആവശ്യപ്പെട്ടത്. അത് അനുവദിക്കാതെ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ജപ്തിക്ക് പോകുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. നീരവ് മോദിയും വിജയ്മല്യയുമൊക്കെ രാഷ്ട്രീയ പിന്തുണയോടെ ഭീമമായ തുക തട്ടിയെടുത്ത സംഭവങ്ങളുണ്ടായി. അത് ഈടാക്കുന്നതാകട്ടെ സാധാരണക്കാരിൽ നിന്നും. സാധാരണക്കാരായ ജനങ്ങൾ വരുത്തുന്ന ചെറിയ തുക കുടിശ്ശിക നിർബന്ധപൂർവം പിടിച്ചെടുക്കുന്ന നടപടിയാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. ബാങ്കിന്റെ പ്രതിസന്ധികൾ സാധാരണക്കാരെ പിഴിഞ്ഞ് നികത്താമെന്നാണ് അവർ കരുതുന്നത്. അത് ശരിയല്ല. ഒരിക്കലും അനുവദിക്കാൻ കഴിയാത്തതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് നെയ്യാറ്റിൻകരയിൽ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വായ്പ കുടിശിക തിരിച്ചടയ്ക്കാനുള്ള അവധി ഇന്ന് തീരാനിരിക്കെയായിരുന്നു അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അമ്മ ലേഖയെ ഗുരുതര പൊള്ളലുമായി തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here