ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായി സൗദിയില്‍ കുടുങ്ങിയ മലയാളി ഉംറ തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങി

ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായി സൗദിയില്‍ കുടുങ്ങിയ മലയാളി ഉംറ തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങി. ഭൂരിഭാഗം തീര്‍ഥാടകരും മടങ്ങിയത് സ്വന്തം നിലയില്‍ ടിക്കറ്റ് എടുത്താണ്. ട്രാവല്‍ എജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തീര്‍ഥാടകര്‍ പറഞ്ഞു.
മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സിന്റെ ചതിയില്‍ പെട്ട് സൗദിയില്‍ കുടുങ്ങിയത് എണ്‍പത്തിമൂന്നു ഉംറ തീര്‍ഥാടകരായിരുന്നു. ഇതില്‍ അറുപത്തിനാല് പേര്‍ സ്വന്തം നിലയില്‍ വിമാന ടിക്കറ്റ് എടുത്ത് നേരത്തെ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള പത്തൊമ്പത് പേര്‍ സര്‍വീസ് ഏജന്‍സിയായ വസായത്തിന്റെ സഹായത്തോടെയാണ് ടിക്കറ്റെടുത്ത് ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ക്ക് പതിനായിരം രൂപ വീതം ടിക്കറ്റ് ഇനത്തില്‍ വീണ്ടും അടക്കേണ്ടി വന്നു.
കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി മാനസിക സാമ്പത്തിക പ്രയാസം അനുഭവിക്കുകയായിരുന്നു തീര്‍ഥാടകര്‍. തങ്ങളെ വഞ്ചിച്ച ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തീര്‍ഥാടകര്‍ പറഞ്ഞു.
വിമാന ടിക്കറ്റ്, സൗദിയിലെ താമസം, ഭക്ഷണം, യാത്ര, തുടങ്ങിയവ ഇനത്തില്‍ തീര്‍ഥാടകരില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയ ട്രാവല്‍ ഏജന്‍സി, സേവനങ്ങള്‍ക്കുള്ള പണം അടച്ചിരുന്നില്ല. തീര്‍ഥാടകര്‍ തന്നെ വീണ്ടും പണമടച്ചും മറ്റുള്ളവരുടെ സഹായം കൊണ്ടുമാണ് ഇത്രയും ദിവസം സൗദിയില്‍ കഴിഞ്ഞത്. സൗദി ഹജ്ജ് മന്ത്രാലയവും, ഇന്ത്യന്‍ കോണ്‍സുലേറ്റും, മലയാളീ സന്നദ്ധ സംഘടനകളും തീര്‍ഥാടകരുടെ സഹായത്തിനെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here