ഇന്നത്തെ പ്രധാന വാർത്തകൾ (16/5/2019)

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. കാസർഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക് ബൂത്ത് നമ്പർ 70, ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
നെയ്യാറ്റിൻകര ആത്മഹത്യ; ഭവന വായ്പക്ക് ഇളവ് നൽകാൻ തയ്യാറാണെന്ന് കാനറാ ബാങ്ക്
നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ഭവന വായ്പയ്ക്ക് ഇളവ് നൽകാൻ തയ്യാറാണെന്ന് കാനറാ ബാങ്ക്. ഇക്കാര്യം ഹർജി പരിഗണിക്കുന്ന ദിവസം കോടതിയെ അറിയിക്കും. വായ്പ തിരിച്ചടവ് തീയതി നിശ്ചയിച്ചത് ചന്ദ്രനാണെന്നും, ലേഖയും വൈഷ്ണവിയും ഒപ്പിട്ടത് ചന്ദ്രന്റെ നിർദ്ദേശ പ്രകാരമാണെന്നും അസിസ്റ്റൻഡ് റീജിയണൽ മാനേജർ മുരളി മനോഹർ തിരുവനന്തപുരത്ത് ട്വന്റി ഫോറിനോട് പറഞ്ഞു.
കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി
കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കും ഭാര്യക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം. കാക്കനാട് പടമുകളിൽ ഒരു ഫ്‌ളവർ മില്ലിൽ ജോലി ചെയ്തുവന്നിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ രശ്മിത പാണ്ഡെ ഇവരുടെ ഭർത്താവ് ബാബു എന്നിവരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി രശ്മിതയും ബാബുവും പടമുകളിലെ ഫ്‌ളവർ മില്ലിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിന് പിന്നാലെ ഇരുവരും നാടുവിട്ടതായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പറയുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ തീരുമാനം.
മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിക്കുന്നു.
നെയ്യാറ്റിൻകര ആത്മഹത്യ; മന്ത്രവാദത്തിന് തെളിവില്ലെന്ന് പൊലീസ്
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുതായി നോട്ട് ബുക്കിലും പരാമർശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here