പുതിയ തലമുറ ഗോഡ്‌സെയെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ സന്തോഷം, വിവാദ പരാമർശത്തിൽ പ്രജ്ഞ മാപ്പു പറയേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ആനന്ദ്കുമാർ ഹെഗ്‌ഡെ

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്‌സെ ദേശസ്‌നേഹിയെന്നു പറഞ്ഞ് വിവാദത്തിൽപ്പെട്ട ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ആനന്ദ്കുമാർ ഹെഗ്‌ഡെ. ട്വിറ്ററിലൂടെയാണ് പ്രജ്ഞയ്ക്ക് ആനന്ദ്കുമാർ പിന്തുണ പ്രഖ്യാപിച്ചത്.
ഏഴ് പതിറ്റാണ്ടിന് ശേഷം ഗോഡ്‌സെയെക്കുറിച്ച് പുതിയ തലമുറ ചർച്ച ചെയ്യുന്നതിൽ സന്തോഷമെന്ന് ആനന്ദ് കുമാർ ട്വീറ്റ് ചെയ്തു. വിവാദ പരാമർശത്തിൽ പ്രജ്ഞ മാപ്പു പറയേണ്ടതില്ല. കുറ്റവാളിയെന്ന് വിധിക്കപ്പെട്ടയാളുടെ പക്ഷം പിടിക്കാനും ആളുണ്ടായതിൽ ഗോഡ്‌സെ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ആനന്ദ് കുമാർ പറഞ്ഞു. ഇത് വിവാദമായതിന് പിന്നാലെ ഹെഗ്‌ഡെ ട്വീറ്റ് പിൻവലിച്ചു. തന്റെ അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ടെന്നും ചില ട്വീറ്റുകൾ ഡിലീറ്റ് ചെയ്തുവെന്നും ഹെഗ്‌ഡെ പുതിയ ട്വീറ്റിൽ വ്യക്തമാക്കി.
My Twitter account has been breached twice in the past one week and certain tweets have been posted on my timeline which has been discarded and deleted. Regret the posts attributed to me.
— Chowkidar Anantkumar Hegde (@AnantkumarH) May 17, 2019
ഗോഡ്‌സെ രാജ്യ സ്‌നേഹിയായിരുന്നുവെന്നും രാജ്യ സ്‌നേഹിയായി തന്നെ തുടരുമെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. ഗോഡ്‌സെയെ ഭീകരവാദി എന്നു വിളിക്കുന്നവർ ആത്മപരിശോധന നടത്തണം. ഇവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് ഗോഡ്‌സെയാണെന്നുമുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസന്റെ പ്രസ്താവനയെ വിമർശിച്ചായിരുന്നു പ്രജ്ഞയുടെ പരാമർശം. ഇത് വിവാദമാകുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രജ്ഞയെ തള്ളി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞ മാപ്പു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here