Advertisement

പ്രളയകാലത്ത് പരിചയപ്പെട്ടു; നവകേരളത്തിന് ഏഴ് വീടുകളൊരുക്കി നാല് പ്രവാസി മലയാളികൾ

May 17, 2019
Google News 1 minute Read

പ്രളയകാലത്ത് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച സൗഹൃദങ്ങൾ അനവധിയാണ്. അത്തരം സൗഹൃദങ്ങളിലൂടെ കേരളത്തിനു ലഭിച്ച സ്നേഹവും ഒരുപാടാണ്. ആ കഥകളിലേക്കാണ് ചെറുപ്പകാരായ നാല് പ്രവാസി മലയാളികളും ചേക്കേറുന്നത്. അമേരിക്കയിലും കാനഡയിലുമായി ജോലി ചെയ്തിരുന്ന നാല് ചെറുപ്പക്കാര്‍. ഈ നാലു പേർ ചേർന്ന് ഏഴ് വീടുകൾ വെച്ച് നൽകാനൊരുങ്ങുകയാണ്. ഇടുക്കിയിലാണ് അതിജീവനത്തിൻ്റെ മന്ത്രമുയർത്തി അവർ വീടുകൾ വെച്ചു നൽകുന്നത്. പുനർജനി എന്നാണ് അവർ ഈ പദ്ധതിക്കു നൽകിയ പേര്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഫേസ്ബുക്കിലൂടെ ഒരുമിച്ചവരാണ് ആര്‍ഷ, ജീന, ജോജി, രമ്യ എന്നിവര്‍. പ്രളയ കാലത്ത് പല സ്ഥലങ്ങളില്‍ നിന്ന് ഒരുമിച്ചവർ. 3 പേര്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലും. പ്രളയക്കെടുത്തിയിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്താനുള്ള ഉദ്യമത്തിൽ നിന്നാണ് പുനർജനിയുടെ തുടക്കം. പ്രളയം ഏറെ ബാധിച്ച ഇടുക്കിയിൽ തന്നെ വീട് വെക്കാൻ ഇവർ തീരുമാനിച്ചു.

പ്രളയം ഭീകരാവസ്ഥയിലാക്കിയ ഇടുക്കിയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുനർജനി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം ഇടുക്കിയുടെ ഭൂപ്രകൃതി തന്നെ മാറിപ്പോയിരുന്നു. ഇതിൽ പുറമ്പോക്കിൽ താമസിച്ചിരുന്ന ഏഴ് കുടുംബങ്ങളുടെ കുടിലുകളും അടയാളമില്ലാത്ത വിധം മഴയെടുത്തു. അവർക്കാണ് ഇവരുടെ വീടുകൾ. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ചില കടമ്പകൾ കടക്കേണ്ടിയിരുന്നു.

ഇവരെ അന്വേഷിച്ചു കണ്ടെത്തിയതും അവരുടെ പരിതസ്ഥികള്‍ അനുസരിച്ച് സഹായത്തിനു അര്‍ഹരായവര്‍ ആണെന്ന് ഉറപ്പ് വരുത്തിയതും ഈ 7 വീടുകളുടെ കമ്മ്യൂണിറ്റി എന്ന ആശയം മുന്നോട്ട് വച്ച ഫാ: ജിജോ കുര്യനും കുറച്ചു കൂട്ടുകാരും ആണ്. കോട്ടയത്തുള്ള ഒരു കുടുംബം ഈ ഉദ്യമത്തിന് 70 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതോടെയാണ് പുനർജനിക്ക് ജീവൻ വെച്ചത്.

പുനര്‍ജനിയുടെ ആശയവും അതിന്റെ ഉദ്ദേശശുദ്ധിയും മനസിലായതോടെ നാലു പേരുടെ ആ കൊച്ചു കൂട്ടായ്മ കേരളാ റീ-ലൈഫ് എന്ന് പേരില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എഴുത്തുകാരിയും വീട്ടമ്മയും ആയ ആര്‍ഷ സാമൂഹ്യ-സാഹിത്യ-സമൂഹ മാധ്യമ സദസ്സുകളില്‍ സജീവ സാന്നിധ്യമാണ്. കാനഡയില്‍ ഭര്‍ത്താവിനോടും മകളോടുമൊപ്പം സ്ഥിരതാമസം ആക്കിയ ജീന ഒരു കവയിത്രിയും സാമൂഹിക സേവനത്തില്‍ തന്നാലാവുന്നത് ചെയ്യാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നഒരാളാണ്. ഐ.ടിജീവനക്കാരായ ജോജിയും രമ്യയും സഹപാഠികളാണ്.

ഒരു വീടിന് 7 – 8 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്ന തുക. വീടിന്റെ വലിപ്പം നിര്‍ണയിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും പ്രായവും കണക്കാക്കിയാണ്. ഇതില്‍ ഒന്നര വയസ് ഉള്ള കൊച്ചു കുഞ്ഞു മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ ഉണ്ട്. കുടുംബങ്ങള്‍ കൂലിപണിയെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ ആണ്. വീട് പൂര്‍ണ്ണമായും നശിച്ചവരെ വാടകക്ക് താമസിപ്പിച്ചിരിക്കുകയും ഭാഗികമായി തകര്‍ന്നവര്‍ പാതി തകര്‍ന്ന വീട്ടില്‍ തന്നെ കഴിയുകയുമാണ് ഇപ്പോള്‍.

വീടുകള്‍ നിര്‍മാണം കഴിഞ്ഞാലും കുടുംബങ്ങളുടെ മുന്നോട്ടുള്ള ക്ഷേമത്തിന് വേണ്ടി ഒരു ട്രസ്റ്റ് പുനര്‍ജനി എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്. ഇഷ്ടദാനം ആയി ലഭിച്ച ഭൂമിയില്‍ വീടുകളും അതിനു ചുറ്റും ഉള്ള മുറ്റവും ചേര്‍ത്തുള്ള ചെറിയ പ്ലോട്ടുകള്‍ ഓരോ ഗുണഭോക്താവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല എന്ന വ്യവസ്ഥയും ചെയ്തിട്ടുണ്ട് . ബാക്കിയുള്ള സ്ഥലം പൊതു ഇടം ആയി ഉപയോഗിക്കപ്പെടും.

ഈ പ്രൊജക്റ്റ് 5 മാസം പിന്നിടുമ്പോള്‍, കുറെ നല്ല ആളുകളും , ചാരിറ്റബിള്‍ ട്രസ്റ്റ് ആയ ലൈറ്റ് ഇന്‍ ലൈഫ്(സ്വിറ്റ്‌സര്‍ലന്‍ഡ്), ഡെല്മ (ഡെലവെയര്‍ മലയാളി അസോസിയേഷന്‍), വിസ്മ (വിസ്‌കോണ്‍സിന്‍ മലയാളി അസോസിയേഷന്‍്), മനോഫ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ലോറിഡ), നിമ(ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍) തുടങ്ങിയവരുടെ സഹായത്തോടെ മൂന്നു വീടുകളുടെ പണി നടക്കുന്നു. മറ്റു നാലു വീടുകള്‍ക്കുളള പണ സമാഹരണവും അവയുടെ നിര്‍മ്മാണത്തിനായുളള മറ്റു പ്രാരംഭനടപടികള്‍ നടക്കുകയും ചെയ്യുന്നു.

ഒരു തുകയും ചെറുതല്ല എന്നു തിരിച്ചറിഞ്ഞ് തങ്ങളാലാവുന്ന തുകകള്‍ ഫേസ്ബുക് കൂട്ടുകാര്‍ വഴി സമാഹരിച്ചത് ഏകദേശം 50,000 രൂപ.
ഈ ഉദ്യമത്തിന്റെ സുഗമമായ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനുമായി ഇനിയും ചെറുതല്ലാത്ത ഒരു തുക പുനര്‍ജ്ജനിക്ക്ആവശ്യമാണ്. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരണം. സഹായിക്കണം. പുനര്‍ജ്ജനിക്കൊപ്പം കൂടണം .

ഇതിലേക്ക് ഇനിയും സഹായങ്ങള്‍ ആവശ്യം ഉണ്ട് – വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ള പണമായോ വീടുകള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വീട്ടുപകരണങ്ങള്‍ക്കായുള്ളപണമോ, എന്തും നിങ്ങള്‍ക്ക്സ്‌പോണ്‍സര്‍ ചെയ്യാം. നിങ്ങളുടെ ഓരോ സഹായവും വലുതാണ് .അത് ബുദ്ധിമുട്ടുകളില്‍തകര്‍ന്നു പോയവരുടെ പുനരുജ്ജീവനത്തിനാണ് ഉപയോഗിക്കുക. സഹായങ്ങള്‍എത്തിക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ വിലാസങ്ങളില്‍ ബന്ധപ്പെടുക .

ഇമെയില്‍ : projectrelifekerala@gmail.com

നമ്പര്‍:കാനഡ : +1 (289) 788-6867
USA : +1 (443 ) 870 0559

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here