സൗദിയിലെ പുതിയ താമസ പദ്ധതിയുടെ ഫീസ് വിവരങ്ങള്‍ പുറത്ത്; സ്‌പോണ്‍സര്‍ ഇല്ലാതെയുള്ള താമസത്തിന് എട്ടു ലക്ഷം ഡോളര്‍

സൗദിയിലെ പുതിയ താമസ പദ്ധതിയുടെ ഫീസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. എട്ടു ലക്ഷം റിയാല്‍ ആയിരിക്കും സ്ഥിര താമസത്തിന് ഈടാക്കുന്ന ഫീസ്. സൗദി സ്‌പോണ്‍സര്‍ ഇല്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാന്‍ കഴിയുന്ന ഈ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.
സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന പുതിയ താമസ പദ്ധതിയുടെ ഫീസ് സംബന്ധമായ വിവരങ്ങള്‍ ആണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം സ്ഥിരമായ ഇഖാമയും ഓരോ വര്‍ഷവും പുതുക്കേണ്ട താല്‍ക്കാലിക ഇഖാമയും പരിഗണനയിലുണ്ട്. ദീര്‍ഘകാല താമസത്തിന് എട്ടു ലക്ഷം സൗദി റിയാലാണ് ഫീസ്. താല്‍ക്കാലിക താമസത്തിന് ഓരോ വര്‍ഷവും ഒരു ലക്ഷം റിയാല്‍ ആയിരിക്കും ഫീസ്. ഗ്രീന്‍ കാര്‍ഡിന് സമാനമായ ഈ പ്രിവിലേജ് ഇഖാമ ലഭിക്കുന്നവര്‍ക്ക് സൗദി സ്‌പോണ്‍സര്‍ ഉണ്ടായിരിക്കില്ല. ഏത് രാജ്യക്കാര്‍ക്കും ഇഖാമ അനുവദിക്കും. ഇവര്‍ക്ക് സ്വന്തം പേരില്‍ ബിസിനസ് ആരംഭിക്കാനും സ്വത്തുക്കള്‍ വാങ്ങാനും സാധിക്കും. ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയായ, ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ അല്ലാത്ത നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ വിദേശികള്‍ക്ക് പുതിയ താമസ രേഖയ്ക്ക് അപേക്ഷിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here