സുഡാനില്‍ പ്രതിഷേധക്കാരും പട്ടാളവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; 72 മണിക്കൂര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകളുണ്ടാവില്ലെന്ന് പട്ടാള ഭരണകൂടം

സുഡാനില്‍ പ്രതിഷേധക്കാരും പട്ടാളവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. 72 മണിക്കൂര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകളുണ്ടാവില്ലെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. ഇരുകൂട്ടരും തമ്മില്‍ ഇന്നലെ ധാരണയിലെത്തിയതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളായത്.
സുഡാന്‍ തലസ്ഥാനമായ ഖര്‍ട്ടോമില്‍ തടിച്ചു കൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പട്ടാളക്കാരുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിവെയ്പ്പ് ഉണ്ടായി. ആക്രമണത്തില്‍ പതിനാലോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പട്ടാള അധികാരികളും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജനാധിപത്യ പ്രതിനിധിയെ ഭരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് പ്രതിഷേധക്കാരുമായി യാതൊരു ചര്‍ച്ചക്കുമില്ലെന്ന നിലപാടിലാണ് പട്ടാള അധികൃതര്‍. ഇന്നലെ നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം പട്ടാള അധികാരികള്‍ക്കാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജനാധിപത്യ ഭരണകൂടം നിലവില്‍ വരുന്നതിന്റെ ആഘോഷത്തിനായാണ് തങ്ങള്‍ തടിച്ചു കൂടിയതെന്നും അതിന് നേരെ പട്ടാളം അക്രമം അഴിച്ചു വിടുകയായിരുന്നു എന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്നാല്‍ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്തതാണ് അക്രമത്തിന് കാരണമായതെന്ന് പട്ടാള അധികാരികള്‍ പറയുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ചര്‍ച്ച തുടരുമെന്നും ജനാധിപത്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിറകോട്ട് പോവില്ലെന്നും ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here