സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് വധം; തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും

സി.പി.എം.പ്രവര്‍ത്തകനായ കണ്ണൂര്‍ കീഴൂര്‍ പുന്നാട്ടെ താണി കല്ല് വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിധി നാളെ. തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍.എല്‍. ബൈജു പ്രഖ്യാപിക്കും.
2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍എല്‍ ബൈജു മുമ്പാകെ വിചാരണ പൂര്‍ത്തിയായ കേസില്‍ ബിജെപി പ്രവര്‍ത്തകരായ പുന്നാട് ദീപം വീട്ടില്‍ ശങ്കരന്‍ മാസ്റ്റര്‍, വിലങ്ങേരി മനോഹരന്‍, തെക്കെവീട്ടില്‍ വിജേഷ്, വല്‍സന്‍ തില്ലങ്കേരി, മാവില ഹരീന്ദ്രന്‍ തുടങ്ങി 16 പേരാണ് കേസിലെ പ്രതികള്‍.
സംഭവത്തില്‍ പരിക്ക് പറ്റിയ വരെയും സംഭവം നേരില്‍ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം, കെ.മുരളീധരന്‍, രതീഷ് കുമാര്‍ ,ഷിന്‍ഡോ, വിനോദന്‍, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. കെ.പി. ബിനിഷയും, പ്രതികള്‍ക്ക് വേണ്ടി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, അഡ്വ.ടി.സുനില്‍കുമാര്‍, അഡ്വ. പി. പ്രേമരാജന്‍ തുടങ്ങിയവരുമാണ് ഹാജരാവുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here