ഡാമുകളിൽ ജലം കുറയുന്നു; രാജ്യത്ത് കടുത്ത വരൾച്ചാ മുന്നറിയിപ്പ്

രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്. കേന്ദ്ര ജല കമ്മീഷന്‍ അംഗം എസ്. കെ ഹാല്‍ദര്‍ ആണ് കത്ത് നല്‍കിയത്.
അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ താഴുന്ന പശ്ചാത്തലത്തില്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസര്‍വോയറുകളില്‍ ശരാശരിയേക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കിയത്. ഡാമുകളിലെ വെള്ളത്തിന്റെ അളവ് കഴിഞ്ഞ 10 വര്‍ഷത്തേതിലും കുറവാണ്. നിലവിലെ സാഹചര്യത്തില്‍ ഡാമുകളിലെ വെള്ളം കുടിക്കുന്നതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 91 പ്രധാനപ്പെട്ട റിസര്‍വോയറുകളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ നിരീക്ഷിച്ചു വരികയാണ്. 91 റിസര്‍വോയറുകളിലെ ആകെ സംഭരണശേഷി 161.993 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍, നിലവില്‍ 35.99 ബില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് സംഭരിച്ചിരിക്കുന്ന വെള്ളം. രാജ്യത്തിന്റെ തെക്കു, പടിഞ്ഞാറന്‍ മേഖലകളെയാണ് വരള്‍ച്ച കൂടുതലായി ബാധിക്കുക.
തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 31 റിസര്‍വോയറുകളിലെ സംഭരണശേഷി 51.59 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍ നിലവിലുള്ളത് 6.86 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം മാത്രമാണ്. ഇതിനിടെ, വിദര്‍ഭ, മറാത്ത് വാഡ, പടിഞ്ഞാറന്‍ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ മഴ സാധാരണയിലും കുറവായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണകേന്ദ്രമായ സ്‌കൈമെറ്റ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here