ഇങ്ങനെയൊക്കെ പറയാമോ…?

‘ഒരു സിനിമയില്‍ എങ്കിലും അഭിനയിച്ചിരുന്നെങ്കില്‍’ എന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. ഒരു പക്ഷേ മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുന്ന ഒരു വിനോദ മേഖല വേറെ ഇല്ലെന്നു തന്നെ പറയാം…

പുരോഗമനവും സാങ്കേതികതയും എത്ര തന്നെ വളര്‍ന്നാലും സിനിയക്ക് ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം പോലെ മറ്റൊരു മേഖലയ്ക്കും കഴിഞ്ഞിട്ടില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. സിനിമയോടുള്ള അഭിനിവേശം പലപ്പോഴും അതിലെ അണിയറ രഹസ്യങ്ങളറിയാനുള്ള കൗതുകത്തിലേക്കും എത്തിക്കാറുണ്ട്. കൗതുകത്തിന്റെ അളവ് പലരിലും പരിധി കവിഞ്ഞ് ഗോസിപ്പുകള്‍ക്ക് വഴി തെളിക്കാറുണ്ട്.

ഒരു തരത്തില്‍ സിനിമ വ്യവസായത്തിന്റെ കൂടെപ്പിറപ്പുകളാണ് ഗോസിപ്പുകള്‍ എന്നു പറയാം.
സാമൂഹ്യമാധ്യമങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലത്ത് ഗോസിപ്പികളുടെ വേഗത പ്രവചിക്കാവുന്നതിലും അപ്പുറമാണ്. ചില കഥകള്‍ സിനിമയുടെ പ്രചരാണാര്‍ഥമാണെങ്കില്‍ മറ്റു ചിലത് നേരും നുണയും നിറഞ്ഞവയുമായിരിക്കും. മലയാള സിനിമയുടെ കാര്യമെടുത്താല്‍ പ്രേംനസീറിലും ഷീലയിലും തുടങ്ങി പുതു തലമുറ താരങ്ങളില്‍ വരെ ഗോസിപ്പുകളുടെ ചരിത്രം വ്യാപിച്ചു കിടക്കുന്നു.

ഒന്ന് ചിന്തിച്ചു നോക്കു… മുന്‍പ് സൂചിപ്പിച്ച സാങ്കേതികതയും സോഷ്യല്‍ മീഡിയയും പലപ്പോഴും ഗോസിപ്പുകളെ കഥകളില്‍ മാത്രകം ഒതുക്കി നിര്‍ത്തുന്നില്ല. മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോട്ടോഷോപ്പ് വിരുതന്മാരുടെ കുത്സിത പ്രവൃത്തികളുമൊക്കെ ഗോസിപ്പുകളില്‍ കാണാന്‍ കഴിയും. താരങ്ങളുടെ സ്വകാര്യ വീഡിയോയിലേക്കും ചിത്രങ്ങളുമാണ് ഗോസിപ്പിന്റെ ആധുനിക വേര്‍ഷന്‍.

ഒന്നിലധികം തവണ ഒരേ നായകനും നായികയും തമ്മില്‍ അഭിനയിച്ചാല്‍, ഒന്നുരണ്ടു പ്രാവശ്യത്തിലധികം സുഹൃത്തിനൊപ്പം കണ്ടാല്‍, അവരെ കമിതാക്കളാക്കി സൃഷ്ടിച്ച് അതില്‍ നിന്ന് കഥകള്‍ മെനഞ്ഞുകളയും പാപ്പരാസികള്‍. ഇത്തരത്തില്‍ നിരവധി തവണ വിഹാഹം കഴിച്ചവരും വിഹാഹേതര ബന്ധം ചാര്‍ത്തിക്കൊടുത്തവരുമൊക്കെ പിന്നിട് തെളിവുകള്‍ സഹിതം വന്ന തന്റെ നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥ ഈ അടുത്തിടയിലും നാം കണ്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്ന ചില ഓണ്‍ലൈന്‍ പത്രമാധ്യമങ്ങളും ഗോസിപ്പികള്‍ ഉപയോഗിച്ച് റീഡര്‍ഷിപ്പ് കൂട്ടുന്നു എന്നതും പറയാതെ വയ്യ.

മനുഷ്യന്റെ മാനസിക വികലതകളെയാണ് ഇതിലൂടെ വെളിവാകുന്നത്. മറ്റുള്ളവരിലേക്ക്്, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ കാണിക്കുന്ന വ്യഗ്രതയെല്ലേ ഇത്. ഫാന്റസി നിറഞ്ഞ കഥാപാത്രങ്ങള്‍ക്കിപ്പുറം ചലച്ചിത്രതാരങ്ങള്‍ക്കും അവരുടെ വ്യക്തി ജീവിതമുണ്ട്, സ്വാതന്ത്ര്യമുണ്ട് എന്ന് മനസ്സിലാക്കേണ്ടതല്ലേ… മറ്റുള്ളവരെപ്പറ്റി കഥകള്‍ പടച്ചിറക്കുമ്പോള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് പ്രബുദ്ധരായ നമ്മള്‍ എത്തിനോക്കുകയാണെന്ന് ഒന്ന് ആലോചിച്ചാല്‍ നന്നായിരിക്കും…

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

Top