ഇകെ നായനാര്‍ ഓര്‍മയായിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍…

ഏറ്റവും കൂടുതല്‍ ദിവസം കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ ഓര്‍മയായിട്ട് 15 വര്‍ഷങ്ങള്‍. അച്ഛന്‍ ഗോവിന്ദന്‍ നമ്പ്യാരുടേയും ബന്ധുവായ കെപിആര്‍ ഗോപാലന്റെയും പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ട് രാഷ്ട്രീയത്തിലെത്തി. പ്രത്യയശാസ്ത്ര പ്രചാരകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം പ്രഗല്‍ഭനായ ജനനേതാവിന്റെ ഓര്‍മകള്‍ക്ക് പ്രണാമം…

ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ നായനാര്‍. 4009 ദിവസം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നേതാവ്. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കയ്യൂര്‍ ഉള്‍പ്പടെ നിരവധി സമരങ്ങളില്‍ പങ്കെടുത്തു. നര്‍മ്മം ചേര്‍ത്ത് എതിരാളികള്‍ക്ക് നേരെ എയ്ത് വിടുന്ന വിമര്‍ശനത്തിന്റെ കൂരമ്പുകള്‍, സാമൂഹ്യ നിരീക്ഷണങ്ങള്‍, അങ്ങനെ നായനാരെ പറ്റി ഓര്‍ക്കാന്‍ കുറേ അധികം വിശേഷണങ്ങള്‍.

മൂന്ന് തവണ ഇടത് സര്‍ക്കാറിനെ നയിച്ച നായനാര്‍ ഇന്നത്തെ വ്യത്യസ്ത കക്ഷികളെ ചേര്‍ത്ത് മുന്നണി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. സാക്ഷരതായഞ്ജം ജനകീയാസൂത്രണം എന്നിവയുടെയെല്ലാം ശില്‍പ്പിയായി അദ്ദേഹം അനുവര്‍ത്തിച്ചു.

നായനാര്‍ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതല്‍, പയ്യാമ്പലത്തെ ചിതയില്‍ എരിഞ്ഞ രാത്രിവരെ കേരളം കണ്ണീരണിഞ്ഞു… വിങ്ങിപ്പൊട്ടി… ഒരു പക്ഷേ ഇത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റു കാരനായിരുന്നു ഇ.കെ.നായനാര്‍.

കാലമെത്ര കഴിഞ്ഞാലും മലയാളി മനസ്സുകളില്‍ അതേ തിളക്കത്തോടെ ജനങ്ങളുടെ പ്രിയ സഖാവ് ചുവന്ന ഓര്‍മയായി ജ്വലിച്ചു നില്‍ക്കും..


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top