Advertisement

കായംകുളം കെഎസ്ആര്‍ടിസി കാന്റീനില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; കാന്റീന്‍ അടക്കാന്‍ നിര്‍ദ്ദേശം

May 19, 2019
Google News 0 minutes Read

കായംകുളം കെഎസ്ആര്‍ടിസി കാന്റീനില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. കാന്റീനില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയതിനൊപ്പം വൃത്തഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കാന്റീന്‍ അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കി.

നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പും കായംകുളത്തെ കെഎസ് ആര്‍ടിസി ക്യാന്റീനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലും പുതിയ പരാതികളുടെ അടിസ്ഥാനത്തിലും സ്ഥലം എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരവുമാണ് കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും പരിശോധന നടത്തിയത്. ആഹാരസാധനങ്ങളെല്ലാം തുറന്ന് ഈച്ചയരിക്കുന്ന നിലയിലായിരുന്നു എന്നും സ്റ്റോര്‍ റൂമില്‍ കൂടിയിട്ടിരിക്കുന്ന ചപ്പ് ചവറുകള്‍ക്കിടയില്‍ പാറ്റ തുടങ്ങിയ ക്ഷുദ്രജീവികള്‍ നുരക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ നിന്നും പിടിച്ചെടുത്ത പഴകിയ എണ്ണയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കായി കൊണ്ടു പോയി. തുടര്‍ന്ന് മത്സ്യത്തിനും ഇറച്ചിക്കുമൊപ്പം ഒരേ ഫ്രീസറില്‍ തന്നെ ജ്യൂസിനായി ഉപയോഗിക്കുന്ന ഐസും പഴവര്‍ഗങ്ങളും കൂടി ചേര്‍ന്ന നിലയില്‍ കണ്ടെത്തിയതോടെ ഇവ നശിപ്പിച്ചു. പാചക സ്ഥലത്തും ഭക്ഷണശാലയിലും ഉള്ള ക്രമാതീതമായ ഈച്ചയുടെ ശല്യം ഇല്ലാതാക്കാനും വൃത്തിഹീനമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തറകള്‍ ശരിയാക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ 3ന് അടച്ച കാന്റീന്‍ വൃത്തിയാക്കിയതിനു ശേഷം പരിശോധന നടത്തി തൃപ്തികരമാണെങ്കില്‍ മാത്രമേ ഇനി ക്യാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here