കെവിൻ വധക്കേസ്; സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

കെവിൻ വധക്കേസിൽ സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. പ്രതികളായ മനു, ഷിബു എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. തങ്ങൾക്കനുകൂലമായി സാക്ഷി പറയാൻ തയ്യാറാകാത്ത 37-ാം സാക്ഷി രാജേഷിനെയാണ് പ്രതികളും സുഹൃത്തുക്കളും നടു റോഡിൽ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ സുഹൃത്തുക്കളായ ഷാജഹാൻ, റോബിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

കേസിലെ ആറാം പ്രതിയാണ് മനു. ഷിബു പതിമൂന്നാം പ്രതിയും. കോടതിയിൽ ഹാജരാകാനായി പുറപ്പെട്ടപ്പോൾ ഇന്നലെ പുനലൂർ മാർക്കറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് രാജേഷ്. ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് നൽകിയ മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

മർദ്ദനത്തിന് പിന്നാലെ പ്രതികൾക്കെതിരെ രാജേഷ് കോടതിയിൽ മൊഴി നൽകി. പുനലൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിസ്താരത്തിനിടെ പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞിരുന്നു. കെവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ ബിജു അശോക് കോടതിയിൽ മൊഴി നൽകി. കെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ കെവിന്റെ പിതൃസഹോദരൻ ബെയ്ജിയുടെ വിസ്താരവും പൂർത്തിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More