തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചന്ദ്രബാബു നായിഡു നാളെ കൂടിക്കാഴ്ച നടത്തും; കൂടെ 21 പ്രതിപക്ഷ നേതാക്കളും

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് കൂടിച്ചാഴ്ച.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എൻഡിഎ അധികാരത്തിൽ എത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം ചന്ദ്രബാബു നായിഡു വിവധ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചു നിർത്തുന്നതിനും ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനുമുള്ള കൂടിയാലോചനകൾക്കായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റു കക്ഷികളുമായി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച് മമത ബാനർജിയുമായി ചന്ദ്രബാബു നായിഡു സംസാരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമ്പോൾ മമതാ ബാനർജിയുടെ സാന്നിധ്യം അദ്ദേഹം അഭ്യർഥിച്ചതായാണ് വിവരം.

നേരത്തേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ നേതാവ് സുധാകർ റെഡ്ഡി, എൻസിപി നേതാവ് ശരദ് പവാർ, എൽജെഡി നേതാവ് ശരദ് യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബിഎസ്പി നേതാവ് മായാവതി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More