മലയാലപ്പുഴ രാജൻ 1972 ലെ ഗുരുവായൂർ കേശവൻ ആകുന്നതെങ്ങനെ ?

”ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന കാഴ്ച എത്ര മനോഹരം. 1972 ൽ എടുത്ത ചിത്രം” കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യൽ മീഡിയയിൽ ഈ തലക്കെട്ടോടെയുള്ള വീഡിയോ അതിവേഗം പ്രചരിക്കുകയാണ്. ക്ഷേത്രത്തിന് മുന്നിൽ ആന മുൻ കാലുകൾ മടക്കി തുമ്പിക്കൈ ഉയർത്തി ദേവനെ തൊഴുന്നതാണ് വീഡിയോ. ചിട്ടയോടെ മുൻ കാലുകൾ മടക്കിയും പിൻകാലുകളിൽ പിന്നോട്ടാഞ്ഞും ശരീരം താഴ്ത്തിയുള്ള ആനയുടെ നിൽപ്പും തുമ്പിയുയർത്തിയുള്ള അഭിവാദ്യം ചെയ്യലുമെല്ലാം ഏറെ കൗതുകം നിറഞ്ഞതാണ്.ഇതു തന്നെയാണ് ഈ വീഡിയോയെ അതിവേഗത്തിൽ വൈറലാക്കി മാറ്റിയതും.

എന്നാൽ ചിത്രത്തിന്റെ വിവരണത്തിൽ പറയുന്നതു പോലെ ഇത് 1972 ൽ എടുത്ത ചിത്രവുമല്ല ഇതിൽ  കാണുന്ന ആന ഗുരുവായൂർ കേശവനുമല്ലെന്നതാണ് വാസ്തവം. 2017 ൽ എടുത്ത മലയാലപ്പുഴ രാജൻ എന്ന ആനയുടെ വീഡിയോയാണ് ഇപ്പോൾ ഗുരുവായൂർ കേശവന്റേതായി പ്രചരിക്കുന്നത്. കളർ വീഡിയോ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റിയ ശേഷമുള്ള വീഡിയോയാണിത്. 1972 ൽ ഇത്രയും ക്വാളിറ്റിയിലുള്ള വീഡിയോ ഉണ്ടാകുമോ എന്നാലോചിച്ചാൽ തന്നെ ഇതിലെ തട്ടിപ്പ് പിടികിട്ടും.

എന്നാൽ ആന ഗുരുവായൂർ കേശവൻ ആണെന്ന ധാരണയിലും ഭഗവാനെ വണങ്ങുന്ന മനോഹര ദൃശ്യമായതിനാലും മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ ഷെയർ ചെയ്യുകയാണ് ഭൂരിഭാഗം പേരും. ഗജരാജൻ ഗുരുവായൂർ കേശവൻ 1976 ഡിസംബർ 2 ന് ഏകാദശി ദിവസമാണ് ചരിഞ്ഞത്. ഇതിന് തൊട്ടു മുമ്പുള്ള വീഡീയോ ആണെന്ന തെറ്റിദ്ധാരണയും വീഡിയോ അതിവേഗം പ്രചരിക്കാൻ ഇടയാക്കി.

ഗുരുവായൂർ കേശവന്റെ വ്യാജ വീഡിയോ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം നിറഞ്ഞതോടെ യാഥാർത്ഥ്യം വെളിപ്പെടുത്തി ആനപ്രേമികൾ തന്നെ രംഗത്തെത്തുകയായിരുന്നു. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യഥാർത്ഥ ആനയായ മലയാലപ്പുഴ രാജന്റെ ഇതേ രീതിയിലുള്ള മറ്റു വീഡിയോകളും ഇവർ തെളിവായി മുന്നോട്ടു വയ്ക്കുകയും ചെയ്തു. തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തി നിൽക്കെയാണ് ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ അതിവേഗതയിൽ വൈറലായി മാറിയത്.

 

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top