ഫീഡിൽ വരുന്ന വാർത്ത വ്യാജമാണോ എന്ന് എങ്ങനെ അറിയാം ?

ദിനംപ്രതി ന്യൂസ്ഫീഡിൽ വന്ന് നിറയുന്നത് നിരവധി വാർത്തകളാണ്. എന്നാൽ ഇതിൽ ഏതാണ് വ്യാജം ഏതാണ് ശരിയെന്ന് തെരഞ്ഞെടുക്കുക പ്രയാസമാണ്. പലപ്പോഴും വിശ്വാസയോഗ്യമെന്ന് തോന്നുന്ന സോഴ്‌സിൽ നിന്നും ലഭിക്കുന്ന ഇത്തരം വാർത്തകൾക്ക് പിന്നിൽ എന്നാൽ എത്രമാത്രം സത്യമുണ്ടെന്ന് നാമെങ്ങനെ തിരിച്ചറിയും ?
അതിനും വഴികളുണ്ട്. താഴെ കാണുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ വന്ന വാർത്ത വ്യാജമാണോ അല്ലെയോ എന്നറിയാം ?
1. തലക്കെട്ടുകൾ
തലക്കെട്ടുകൾ ശ്രദ്ധിക്കുക. പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന തലക്കെട്ടുകളോടെയുള്ള വാർത്തകൾ ചിലപ്പോൾ വ്യാജ വാർത്തയായിരിക്കാം. ചിലപ്പോൾ മാത്രം.
2. ലിങ്ക് ശ്രദ്ധിക്കുക
വരുന്ന വാർത്തയുടെ ലിങ്ക് ശ്രദ്ധിക്കുക. ശരിയായ വെബ്‌സൈറ്റുകളിൽ നിന്ന് അൽപ്പം മാത്രം വ്യത്യാസം വരുത്തി പേര് നൽകുന്ന നിരവധി വ്യാജ വെബ്‌സൈറ്റുകളുണ്ട്. ഉദാഹരണം ബിബിസി എന്ന പേരിന് പകരം ബിബിഎസ് എന്നോ മറ്റോ പേര് മാറ്റി വരുന്ന വെബ്‌സൈറ്റുകൾ സമാന ലോഗോയും കളർതീമും കൂടി ഉപയോഗിച്ചാൽ ജനങ്ങളെ വളരെ വേഗം തെറ്റിധരിപ്പിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ യുആർഎലിലെ പേര് കൃത്യമായി നോക്കുക.
3. സോഴ്‌സ്
എവിടെ നിന്നാണ് വാർത്ത വന്നതെന്ന് നോക്കുക. കേട്ടറിവില്ലാത്ത വെബ്‌സൈറ്റോ ഏജൻസിയോ ആണെങ്കിൽ ‘ അബൗട്ട് അസ്’ എന്ന സെക്ഷൻ നോക്കി വെബ്‌സൈറ്റിനോ കുറിച്ച് അറിയാം.
4. ചിത്രങ്ങൾ
വാർത്തയോടൊപ്പം വരുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക. വ്യാജ വാർത്തകളാണെങ്കിൽ പലപ്പോഴും ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാകും ഇതിനൊപ്പം ചേർത്തിട്ടുണ്ടാവുക. ചിത്രം സസൂക്ഷ്മം നിരീക്ഷിച്ചാൽ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണോ എന്ന് തിരിച്ചറിയാം.
5. സമാന വാർത്താ മാധ്യമങ്ങളിൽ തിരയുക
ഇതേ വാർത്ത തന്നെ മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് തിരയുക.
6. സർക്കാസമാണോ എന്ന് ശ്രദ്ധിക്കുക
പലപ്പോഴും പലരും ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സർക്കാസം കലർത്തിയാണ് എഴുതാറ്. വായിക്കുന്ന കാര്യം സീരിയസ് ടോണാണോ സർക്കാസമാണോ എന്ന് വിലയിരുത്താം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here