വ്യാജമരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ! കരുതിയിരിക്കുക

ആശുപത്രികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നുമെല്ലാം വ്യാജ മരുന്നുകൾ ലഭിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാജമരുന്ന് കുത്തിവെച്ച് രോഗിയുടെ ജീവൻ തന്നെ അപകടത്തിലായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വ്യാജമരുന്നുകൾ സോഷ്യൽ മീഡിയയിലൂടെയും ഇന്ന് ലഭിക്കും. മരുന്നുകളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള വിപണിയല്ല ഉദ്ദേശിച്ചത്, മറിച്ച് വ്യാജ ഡോക്ടർമാർ പ്രചരിപ്പിക്കുന്ന വ്യാജ കുറിപ്പടികളാണ്.
യൂഫോബിയ എന്ന ചെടിയുടെ മുള്ളുകൾ ക്യാൻസറിന് കാരണമാകും, ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവ കഴിച്ചാൽ ക്യാൻസർ മാറും തുടങ്ങി നിരവധി വ്യാജ പ്രതിവിധകളാണ് ദിനംപ്രതി വാട്ട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പലപ്പോഴും മറ്റൊരാൾക്ക് ഉപകാരപ്പെട്ടോട്ടെ എന്ന് കരുതി നാം അത് പങ്കുവെക്കാറുമുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്നു പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് തോമസ് രഞ്ജിത്ത് എന്ന ഡോക്ടർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. അസുഖം വന്നാൽ ചികിത്സിക്കാതെ സോഷ്യൽ മീഡിയയിൽ കാണുന്ന ‘നുറുങ്ങ് വിദ്യകൾ’ പരീക്ഷിക്കുന്നത് പരിശോധനയും ചികിത്സയും വൈകിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
‘സഹായം’ എന്ന് കരുതി നാം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ എന്നാൽ ദോഷമാണ് ചെയ്യാറെന്ന തിരിച്ചറിവ് നമുക്കുണ്ടോ ? വാട്ട്‌സാപ്പ് ഗ്രൂപ്പിൽ വരുന്ന ഡോക്ടറുടേതെന്ന തരത്തിൽ പ്രചരിക്കുന്ന കുറിപ്പുകൾ സത്യത്തിൽ ആ ഡോക്ടർ തന്നെയാണ് എഴുതിയതെന്ന് എന്താണ് ഉറപ്പ് ? നാം പങ്കുവെക്കുന്ന ഇത്തരം വ്യാജ പ്രതിവിധിയിലൂടെ ഒരാളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന സത്യം ഇനിയും എന്തുകൊണ്ടാണ് നാം മനസ്സിലാക്കാത്തത് ?
പ്രഥമദൃഷ്ട്യാ വ്യാജമെന്ന് തോന്നുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാം. സംശയം തോന്നുന്നവ ഗൂഗിളിൽ നോക്കി തെരഞ്ഞ് സത്യാവസ്ഥയെന്തെന്ന് ഉറപ്പ് വരുത്താം. അടുപ്പമുള്ള ഡോക്ടർമാരുണ്ടെങ്കിൽ അവരോടും ചേദിച്ച് പ്രചരിക്കുന്ന പ്രതിവിധികൾ സത്യമാണോ എന്ന് ചോദിച്ചറിയാം. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here