സീറോ മലബാർ വ്യാജരേഖ കേസ്; ആദിത്യയെ കുടുക്കിയതെന്ന് കോന്തുരുത്തി ഇടവക വികാരി മാത്യു ഇടശേരി

സീറോ മലബാർ സഭയിലെ വ്യാജരേക കേസിൽ ആദിത്യയെ കുടുക്കിയതെന്ന് കോന്തുരുത്തി ഇടവക വികാരി ഫാദർ മാത്യു ഇടശേരി. ഭൂമി വിവാദം പുകമറയാണെന്ന് വരുത്തി തീർക്കാനുള്ള ആരുടേയോ ശ്രമമാണ് ആദിത്യയുടെ അറസ്റ്റ്. ആദിത്യ വ്യാജരേഖ ചമച്ചിട്ടില്ല. പുറത്തുവന്നിരിക്കുന്നത് ശരിയായ രേഖകളാണ്. ആദിത്യക്ക് നീതി ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്നും വികാരി ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആദിത്യയെ പൊലീസ് അറസ്റ്റു ചെയ്യുന്നതും ചോദ്യം ചെയ്യുന്നതുമായ വിവരം തങ്ങൾ അറിയുന്നതെന്ന് വികാരി പറയുന്നു. അതനുസരിച്ച് താനും സഹ വികാരിയും ഉൾപ്പെടെ ആദിത്യയെ കാണുന്നതിനായി ഡിവൈഎസ്പി ഓഫീസിലേക്ക് പോയി. പതിനൊന്നു മണിക്ക് വരുമെന്നാണ് ആദ്യം പറഞ്ഞത്. ഉച്ചവരെ തങ്ങൾ അവിടെ കാത്തു നിന്നു. കളമശേരി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും ആദിത്യ ഉണ്ടാകുകയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ അവിടേക്കു പോയി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും വികാരി പറഞ്ഞു.

ആദിത്യയുടെ അറസ്റ്റിനെ തുടർന്ന് കുടുംബം ആകെ പരിഭ്രാന്തരായിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം. ഈ ഒരു അവസ്ഥയിൽ അവരുടെ ഒപ്പം നിൽക്കണമെന്ന് തോന്നി. ചെന്നൈ ഐഐടിയിൽ നിന്നും പഠിച്ചിറങ്ങിയ, ഇടവകയിലെ ചെറുപ്പക്കാർക്ക് മാതൃകയായ ചെറുപ്പക്കാരനാണ് ആദിത്യ. അയാൾ വ്യാജരേഖ ചമച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സംഭവത്തിൽ ശരിയായ അന്വേഷണം നടക്കണമെന്നും മാത്യു ഇടശേരി കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ കൊരട്ടി സാഞ്ചോ നഗർ പള്ളി വികാരി സാഞ്ചോ കല്ലൂക്കാരനെതിരെ ആദിത്യ നിർണ്ണായക മൊഴി നൽകിയിരുന്നു. കോന്തുരുത്തി പളളിയിലെ സഹവികാരിയുടെ നിർദ്ദേശപ്രകാരമാണ് വ്യാജരേഖ നിർമ്മിച്ചതെന്നും ഇത് കേസാകില്ലെന്ന് വൈദികൻ ഉറപ്പ് നൽകിയിരുന്നുവെന്നും ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നൽകിയതായാണ് പുറത്തുവന്ന വിവരം.

കർദിനാൾ ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യയാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിലാണെന്നും ഇതിനു ഉപയോഗിച്ച കമ്പ്യൂട്ടർ പിടിച്ചെടുത്തതായും പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top