‘ഉയരെ’യിലെ ആസിഡ് അറ്റാക്ക് ഇരയായി പാർവതിയുടെ മേക്ക് ഓവർ; വീഡിയോ കാണാം

ബോബി- സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം നിർവ്വഹിച്ച് പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ജീവിതം ചർച്ച ചെയ്ത സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയമായിരുന്നു.
പാർവതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. ഇതിൽ ആസിഡ് ആക്രമണത്തിന് ഇരയായതിനു ശേഷമുള്ള പാർവതിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർവതിയുടെ ആ മേക്ക് ഓവറിൻ്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പാർവതി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.
ഒരു മിനിട്ട് 43 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. പാർവതിയുടെ മേക്കപ്പ് ആരംഭിക്കുന്നതു മുതൽ ആസിഡ് ആക്രമണ ഇരയായി മേക്കപ്പ് അവസാനിക്കുന്നതു വരെ വീഡിയോയിലുണ്ട്. കൃത്രിമ മേക്കപ്പ് നിർമ്മാണത്തിൽ അഗ്രകണ്യരായ സുബി ജോഹലും രാജീവ് സുബ്ബയും ചേർന്നാണ് ആസിഡ് അറ്റാക്ക് ഇരയുടെ മുഖം സൃഷ്ടിച്ചത്.
അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്ടിട്യുടെ ഓഫ് ഡിസൈനില്‍ നിന്നും സെറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഇരുവരും 10 വര്‍ഷത്തിനുമേലെയായി ബാംഗ്ലൂരില്‍ കൃത്രിമ മേക്കപ്പ് നിര്‍മാണത്തില്‍ നിമഗ്‌നരായിരിക്കുകയാണ്. ബാംഗ്ലൂരിലെ ഡേര്‍ട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോയുടെ ഉടമകളാണിവര്‍. രാജ്യത്ത് ആദ്യമായി സിലിക്കണ്‍ മോഡലുകള്‍ ഉണ്ടാക്കിയതും ഇവരായിരുന്നു. 33 ബോളിവുഡ് സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ് ആയി ജോലി ചെയ്ത ഇവരുടെ ആദ്യ മലയാള ചിത്രമാണ് ഉയരെ.
ചിത്രീകരണത്തിന് മുന്‍പായി പാര്‍വതിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ നിര്‍മാതാവുമായി പലതവണ കൈമാറിയാണ് മേക്കപ്പ് തീര്‍ച്ചപ്പെടുത്തിയത്. കൂടാതെ വ്രണം ഉണങ്ങുന്നതായ വ്യത്യസ്ത രൂപമാറ്റങ്ങളും തീരുമാനിച്ചുവച്ചിരുന്നു. നാലുമണിക്കൂറോളം നീണ്ട മേക്കപ്പിനൊടുവിലാണ് ചിത്രത്തിലെ പാര്‍വതിയെ സൃഷ്ടിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here