ഐശ്വര്യക്കെതിരായ ട്രോൾ; ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്; ട്വീറ്റ് നീക്കം ചെയ്തു

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്‌ക്കെതിരായ ട്രോൾ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നു പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്.

ചിലപ്പോഴൊക്കെ ഒരാൾക്ക് തമാശയും നിരുപദ്രവും ആയി തോന്നുന്നവ മറ്റുള്ളവർക്ക് അങ്ങനെയായിരിക്കണമെന്നില്ലെന്നും വിവേക് ട്വിറ്ററിൽ കുറിച്ചു. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം വരുന്ന സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് കഴിഞ്ഞ പത്ത് വർഷമായി താൻ പ്രവർത്തിച്ചുവരുന്നത്. ഒരു സ്ത്രീയെ പോലും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നും വിവേക് പറഞ്ഞു. വിവാദമായ ട്വീറ്റ് പിൻവലിച്ചതായും താരം ട്വിറ്ററിൽ വ്യക്തമാക്കി.


Read more: ‘ മാപ്പു പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?’: ട്രോൾ വിവാദത്തിൽ വിവേക് ഒബ്‌റോയ്

എക്‌സിറ്റ് പോൾ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രോളാണ് വിവാദമായത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ വിവേക് ഷെയർ ചെയ്യുകയായിരുന്നു. സൽമാൻ ഖാനും താനും ഉൾപ്പെടുന്ന എക്‌സിറ്റ് പോൾ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയർ ചെയ്തത്. രാഷ്ട്രീയമല്ല, ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെയായിരുന്നു ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോൾ വിവേക് പങ്കുവെച്ചത്.

സംഭവത്തിൽ വിശദീകരണം ആവശ്യപെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ചിത്രം സ്ത്രീവിരുദ്ധമാണെന്നാണ് വനിതാ കമ്മീഷന്റെ വിലയിരുത്തൽ. ബോളിവുഡ് താരം സോനം കപൂർ, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട ഉൾപ്പെടെ വിവേകിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മാപ്പ് പറയാൻ മാത്രം താൻ തെറ്റു ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി വിവേക് രംഗത്തെത്തിയിരുന്നു. ക്ഷമ ചോദിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും പക്ഷേ താൻ ചെയ്ത തെറ്റെന്താണെന്ന് പറയണമെന്നുമായിരുന്നു വിവേക് എഎൻഐയോട് പ്രതികരിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top