ഇതര സംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇതരസംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും സിആർപിഎഫും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബീഹാറിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് മടങ്ങിവരാൻ ബർത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് ജനറൽ കമ്പാർട്ട്‌മെന്റിൽ തിക്കിതിരക്കി യാത്ര ചെയ്യേണ്ടി വന്നെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ അവരെ സർവീസിന് നിയോഗിക്കുന്നവർക്ക് ചുമതലയുണ്ടെന്നും ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര സംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആർ.പി.എഫും തയ്യാറാകണം. ബിഹാറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പോലീസുകാർക്ക് ദുരിതപൂർണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ അവരെ സർവ്വീസിന് നിയോഗിക്കുന്നവർക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിർഭാഗ്യകരമാണ്.
ബിഹാറിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർക്ക് മടങ്ങിവരാൻ ബർത്തോ സീറ്റോ ഉണ്ടായില്ല. ജനറൽ കമ്പാർട്ട്‌മെൻറിൽ ഇതര യാത്രക്കാർക്കിടയിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഈ ദുരിതം അവർക്ക് അനുഭവിക്കേണ്ടിവന്നത്. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരിൽ പലരും ബിഹാറിലേയ്ക്ക് പോയത്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇവരുടെ യാത്രയ്ക്ക് തീവണ്ടിയിൽ പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കുറച്ച് സ്ലീപ്പർ ബർത്തുപോലും ഇവർക്കായി നീക്കിവയ്ക്കാൻ അധികാരികൾ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here