സ്വവര്‍ഗബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റിക് താരം ദ്യുതി ചന്ദ്

സ്വവര്‍ഗബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റിക് താരം ദ്യുതി ചന്ദ്. 25ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ബ്ലാക്ക്‌മെയിലിങ് സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് താന്‍ ഇത് വെളിപ്പെടുത്തുന്നതെന്നും ദ്യുതി പറഞ്ഞു. ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്യുതി ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവില്‍ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് വനിതാ അത്‌ലറ്റ് ദ്യുതി ചന്ദ്. ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം രംഗത്തു വന്നതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതി എത്തിയത്. മുന്‍പ് സഹോദരി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി ദ്യുതി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവര്‍ഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചതെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒരു കാരണവശാലും വീഴില്ല. സ്വവര്‍ഗബന്ധമുള്ള കാര്യം പുറത്തുപറയാന്‍ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്നും ദ്യുതി പറഞ്ഞു.മാത്രമല്ല ഈ തീരുമാനത്തില്‍ താന്‍ ബഹുമാനിക്കുന്നുവെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു. ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം.

പത്തൊമ്പതുകാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയില്‍ ഒരുമിച്ചു ജീവിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 2 വെള്ളി നേടിയ ദ്യുതി മുന്‍പു പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നരവര്‍ഷത്തോളം വിലക്കു നേരിട്ട താരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More