കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ കോറോ എഫ്സി ഗോവ വിട്ടു

കഴിഞ്ഞ സീസണിലെ ഐഎസ്എൽ ടോപ്പ് സ്കോറർ ഫെറാന്‍ കോറോമിനാസ് എഫ്സി ഗോവ വിട്ടു. വിവരം ഗോവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കോറോ ഇന്ത്യയിൽ തന്നെ തുടരുമോ എന്നത് വ്യക്തമല്ല. ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ കോറോയുടെ പേര് ഇതുവരെ കേൾക്കാതിരുന്നതു കൊണ്ട് തന്നെ ഈ സ്പാനിഷ് ഫോർവേഡ് രാജ്യം വിടാനുള്ള സാധ്യതയും ഏറെയാണ്.
2017-2018 സീസണിലാണ് കോറോ ഐഎസ്എല്ലിൽ അരങ്ങേറിയത്. ആദ്യ സീസണിൽ തന്നെ 18 ഗോളുകളുമായി ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കി. അത് ഒരു റെക്കോർഡായിരുന്നു. ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർഡാണ് ആദ്യ വർഷം തന്നെ കോറോ പോക്കറ്റിലാക്കിയത്. കഴിഞ്ഞ സീസണിലും അതിൻ്റെ ആവർത്തനമായിരുന്നു. 16 ഗോളുകളായിരുന്നു കഴിഞ്ഞ സീസണിൽ കോറോയുടെ സമ്പാദ്യം. രണ്ടാം വട്ടവും ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കിയതിനോടൊപ്പം ഐഎസ്എല്ലിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും കോറോ സ്വന്തമാക്കി.
കോറോയുടെ പോക്ക് ഗോവയ്ക്ക് വലിയ അടിയാകും എന്നതിൽ സംശയമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here