തോറ്റ മുത്തച്ഛന് വീണ്ടും മത്സരിക്കാൻ വേണ്ടി എംപി സ്ഥാനമൊഴിയാം; ഫലം വന്നതിനു പിന്നാലെ രാജി പ്രഖ്യാപനവുമായി കൊച്ചുമകൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറുകൾ പിന്നിടും മുമ്പേ രാജി പ്രഖ്യാപനവുമായി ഒരു എം.പി. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചു മകനും കർണാടക റവന്യൂ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണയാണ് രാജി പ്രഖ്യാപനം നടത്തിയത്. വർഷങ്ങളായി ദേവഗൗഡ മത്സരിച്ചിരുന്ന ഹാസൻ സീറ്റിൽ ജനതാദൾ സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഇത്തവണ പ്രജ്വൽ ജയിച്ചത്.
Read Also; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണാടകയിൽ ഭരണപ്രതിസന്ധിയും
അതേ സമയം മണ്ഡലം മാറി ഇത്തവണ തുംകൂറിൽ മത്സരിച്ച ദേവഗൗഡ ബിജെപിയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയും ചെയ്തു. 13,339 വോട്ടുകളുടെ വ്യത്യാസത്തിനാണ് ബിജെപി സ്ഥാനാർത്ഥി ജി.എസ് ബസവരാജിനോട് ദേവഗൗഡ പരാജയം വഴങ്ങിയത്. ദേവഗൗഡയുടെ മറ്റൊരു കൊച്ചു മകനും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയും ഇത്തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
Read Also; മലയാളികളുടെ ‘ക്ലാര’ ഇനി മാണ്ഡ്യയുടെ എം.പി
മാണ്ഡ്യ മണ്ഡലത്തിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുമതലത അംബരീഷിനോടായിരുന്നു നിഖിലിന്റെ തോൽവി. കർണാടകയിൽ ഇത്തവണ ഒരു സീറ്റിൽ മാത്രം വിജയിച്ച ജെഡിഎസിന് ദേവഗൗഡയുടെയും നിഖിലിന്റെയും പരാജയം വലിയ തിരിച്ചടിയായിട്ടുണ്ട്. ജെഡിഎസിന്റെ ഉരുക്കുകോട്ടയായ ഹാസനിൽ നിന്നും ദേവഗൗഡ മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നതിൽ ജെഡിഎസിൽ നേരത്തെ തന്നെ ആശങ്കകളുണ്ടായിരുന്നു.
Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?
ദേവഗൗഡയുടെ പരാജയം പാർട്ടിക്ക് വലിയ ക്ഷീണമായിരിക്കുന്ന സാഹചര്യത്തിലാണ് മുത്തച്ഛന് മത്സരിക്കാൻ വേണ്ടി രാജിവെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി പ്രജ്വൽ രംഗത്തെത്തിയിരിക്കുന്നത്. കർണാടകയിലെ ജനങ്ങളും ജെഡിഎസ് പ്രവർത്തകരും ദേവഗൗഡ പാർലമെന്റിൽ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രജ്വൽ രേവണ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here