Advertisement

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണാടകയിൽ ഭരണപ്രതിസന്ധിയും

May 24, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയും. ജെഡിഎസ്-കോൺഗ്രസ് സഖ്യം ഭരിക്കുന്ന കർണാടകയിൽ ഭരണമുന്നണിയിൽ നേരത്തെ മുതലുണ്ടായിരുന്ന തർക്കങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ രൂക്ഷമായിരിക്കുകയാണ്. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറെടുക്കുന്നതായാണ് വിവരം.  ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ജെഡിഎസ് മന്ത്രിമാരുടെ അടിയന്തരയോഗം കുമാരസ്വാമി വിളിച്ചിട്ടുണ്ട്.  കോൺഗ്രസ് നേതാക്കളോട് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. അതേ സമയം ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also; ‘മാണ്ഡ്യയിൽ മകനെതിരെ ചക്രവ്യൂഹമൊരുങ്ങുന്നു’ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി

മുതിർന്ന ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ, കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി എന്നിവരടക്കം കർണാടകയിൽ തോറ്റിരുന്നു. നിഖിൽ കുമാരസ്വാമിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സുമലത അംബരീഷിന് കോൺഗ്രസ് വോട്ടുകളുടെ നല്ലൊരു ശതമാനവും ലഭിച്ചുവെന്ന ആരോപണം ജെഡിഎസിൽ ശക്തമാണ്. ബിജെപി ഇത്തവണ മികച്ച നേട്ടം കർണാടകയിൽ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

കഴിഞ്ഞ തവണ 17 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ അത് 25 ആയി ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് 9 ൽ നിന്നും രണ്ട് സീറ്റുകളിലേക്കും ജനതാദൾ രണ്ടിൽ നിന്ന് ഒന്നിലേക്കുമായി ചുരുങ്ങി. കർണാടകയിൽ നേരത്തെയും പല തവണ കോൺഗ്രസ് എംഎൽഎമാരും ജെഡിഎസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കർണാടകയിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് മാണ്ഡ്യയിൽ മത്സരിക്കുന്ന തന്റെ മകൻ നിഖിൽ ചക്രവ്യൂഹത്തിൽ അകപ്പെട്ടതായും കോൺഗ്രസ് അടക്കമുള്ളവർ ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ച് കുമാരസ്വാമി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here