ശബരിമല വിഷയം ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാക്കി : സിപിഎം

ശബരിമല വിഷയം ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാക്കിയെന്ന് സി പി എം വിലയിരുത്തൽ. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിനു പുറമേ രാഹുൽ പ്രഭാവവും തിരിച്ചടിക്കു കാരണമായെന്നും തിരുവനന്തപുരത്തു ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ഭരണ വിരുദ്ധ വികാരമുണ്ടായില്ലന്ന് അവകാശപ്പെട്ടും പ്രചാരണം നയിച്ച മുഖ്യമന്ത്രിയെ വിമർശിക്കാൻ ധൈര്യപ്പെടാതെയും തോൽവിയെക്കുറിച്ച് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചതാണ് പരാജയ കാരണമെന്നായിരുന്നു തോൽവിക്ക് തൊട്ടുപിന്നാലേ സിപിഎം നേതൃത്വത്തിന്റെ ആദ്യവിലയിരുത്തൽ. .എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ മറ്റുകാരണങ്ങളും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വോട്ടുകളിൽ മാത്രമല്ല, ഹൈന്ദവ വോട്ടുകളിലും വലിയ ചോർച്ചയുണ്ടായി. പരമ്പരാഗതമായി ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടപ്പെട്ടു.

ശബരിമലയും ഇതിന് കാരണമായോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി. ഇടതുമുന്നണിയുടെ ബിജെപി വിരുദ്ധ പ്രചരണം ജനം വിശ്വസിച്ചു. എന്നാൽ ഇത് ഗുണം ചെയ്തത് യുഡിഎഫിനാണ്. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വവും തിരിച്ചടിയായി. രാഹുൽ പ്രധാനമന്ത്രിയാകുമെന്ന പ്രചരണം ന്യൂനപക്ഷങ്ങളെ അടക്കം യുഡിഎഫിലേക്ക് അടുപ്പിച്ചു. ഇതു യുഡിഎഫിന്റെ വലിയ വിജയത്തിനും ഇടതുമുന്നണിയുടെ പരാജയത്തിനും കാരണമായി. ഉൾപ്പാർട്ടി പ്രശ്‌നങ്ങളും സർക്കാർ വിരുദ്ധ വികാരവും പരാജയകാരണമായോയെന്നും സിപിഎം പരിശോധിക്കും. 30,31 തീയതികളിൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. അതിനുശേഷം ജില്ലാ കമ്മിറ്റികൾ ചേരാനും നിർദേശമുണ്ട്. സ്ഥാനാർഥികളിൽ നിന്നും വിശദാംശങ്ങളും തേടും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top