സിഒടി നസീറിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതു. കൊളശ്ശേരി സ്വദേശി സോജിത്ത്, കതിരൂര്‍ സ്വദേശി അശ്വന്ത് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയതത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അശ്വന്ത്. സോജിത്ത് ഗൂഢാലോചനയില്‍ പങ്കെടുത്തയാളുമാണ്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും ആയുധങ്ങളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. അശ്വന്തിന്റേതാണ് ബൈക്ക്. ആക്രമണത്തില്‍ അശ്വന്തിനൊപ്പം പങ്കെടുത്ത മറ്റ് രണ്ട് പ്രതികളെ കുറിച്ചും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇവരുടെ അറസ്റ്റ് ഉണ്ടായേക്കും. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടിനസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീര്‍ ചികിത്സയിലാണ്. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. പി ജയരാജന്‍ മത്സരിച്ച വടകര മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നസീര്‍ മത്സരിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here