സ്‌കൂൾ തുറക്കാറായി; മഴക്കാലത്തെ വ്യാജ അവധികളെ കരുതിയിരിക്കുക

രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. സ്‌കൂൾ തുറക്കുന്നതിനോടൊപ്പം മഴയുമെത്തും. രാവിലെ മുതൽ നിർത്താതെയുള്ള മഴയും ഭീതി വിതച്ച് വീശിയടിക്കുന്ന കാറ്റുമെല്ലാം നിറഞ്ഞ മഴക്കാലത്ത് കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുക പതിവാണ്. കനത്ത മഴയിലെ അപകട സാധ്യതകൾ മുൻ കൂട്ടി കണ്ടാണ് അവധി നിശ്ചയിക്കുക. എന്നാൽ മഴയൊന്ന് കനത്ത് പെയ്താൽ പിന്നെ സോഷ്യൽമീഡിയയിൽ വ്യാജ അവധികൾ പെരുമഴയായി പെയ്തിറങ്ങുന്നതായിരുന്നു മുൻ വർഷങ്ങളിലെ കാഴ്ച. സ്വയം എഴുതിയുണ്ടാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ മുതൽ ജില്ലാ കളക്ടർമാരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വരെയുണ്ടാക്കിയാണ് പലരും അവധി സ്വയം പ്രഖ്യാപിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്.
ടിവി ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകളെന്ന വ്യാജേന എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വാർത്താ സൈറ്റുകളിലെ മറ്റ് വാർത്തകളുടെ ലിങ്കുകൾ ‘അവധി പ്രഖ്യാപിച്ചു’ എന്ന തലക്കെട്ടിനടിയിൽ പേസ്റ്റ് ചെയ്തും ഏറെ പ്രചരിപ്പിക്കപ്പെട്ടു. നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തൊന്ന് നോക്കാൻ പോലും സമയം കിട്ടാത്തവരെല്ലാം കബളിപ്പിക്കപ്പെട്ടു. വ്യാജ അവധി വാർത്തകൾ വ്യാപകമായതോടെ ഒടുവിൽ കർശന നടപടികളിലേക്ക് വരെ ജില്ലാ കളക്ടർമാർക്ക് കടക്കേണ്ടി വന്നിരുന്നു. എറണാകുളം, ഇടുക്കി ജില്ലാ കളക്ടർമാരുടെ പേരിലാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ അവധി വാർത്തകൾ പ്രചരിച്ചത്.
ഇത്തവണ ഇത്തരം വ്യാജ അവധി വാർത്തകളെ നമുക്ക് കരുതിയിരിക്കാം. യാതൊരു ആധികാരികതയുമില്ലാതെ വാട്‌സ് ആപ്പിൽ വരുന്ന ടെക്സ്റ്റ് മെസ്സേജുകളെ അവഗണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ ജില്ലാ കളക്ടർമാർക്കും ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതിനാൽ അവധി വാർത്തകൾ അവർ ഫേസ്ബുക്ക് വഴി അറിയിക്കുമെന്നുറപ്പാണ്. അതാത് ജില്ലാ കളക്ടർമാരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഏതാണെന്ന് മനസ്സിലാക്കി വെയ്ക്കുക. അവധി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് ഈ പേജിലെത്തി ഉറപ്പുവരുത്താം.
ചാനലുകളിൽ എഴുതി കാണിക്കുന്നു എന്ന തരത്തിൽ വാട്‌സ് ആപ്പിൽ വരുന്ന സ്‌ക്രീൻ ഷോട്ടുകളെല്ലാം യഥാർത്ഥമാകണമെന്നില്ല. ഇത്തരം മെസേജുകൾ വിശ്വസിക്കുന്നതിനു മുമ്പ് ടിവി ഓൺ ചെയ്ത് ചാനലിൽ അതേ വാർത്ത ഉണ്ടോയെന്ന് ഉറപ്പിക്കാം. അതു പോലെ അവധി വാർത്തകൾക്കൊപ്പം വരുന്ന ലിങ്ക് തുറന്ന് നോക്കി വാർത്ത അതു തന്നെയാണോയെന്നും ഉറപ്പുവരുത്തണം. ഇതെല്ലാം ശ്രദ്ധിച്ചാൽ വ്യാജ അവധി വാർത്തകളിൽ കബളിപ്പിക്കപ്പെടില്ല. മാത്രമല്ല അവധി ഉറപ്പാക്കിയ ശേഷം മാത്രമേ അത് മറ്റൊരാൾക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here