പീഡന പരാതി; പാർട്ടി നടപടിക്ക് വിധേയനായ പി.കെ ശശി എംഎൽഎയുടെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചു

പീഡനപരാതിയിൽ പി.കെ ശശി എംഎൽഎക്കെതിരായ സിപിഎമ്മിന്റെ അച്ചടക്ക നടപടിയുടെ കാലാവധി പൂർത്തിയായി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് ആറു മാസത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പി.കെ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നത്. സസ്‌പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ചു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും പാർട്ടിയിലേക്കുള്ള ശശിയുടെ തിരിച്ചു വരവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.

ഡിവൈഎഫ്‌ഐ നേതാവ്‌ പാർട്ടിക്ക് നൽകിയ പരാതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശി എംഎൽഎക്ക് എതിരെ നടപടി എടുത്തത്.2018 നവംബർ 26നാണ് പാർട്ടി സംസ്ഥാന കമ്മറ്റി ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ്‌ ചെയ്തത്. എന്നാൽ പാലക്കാട് മണ്ഡലത്തിലെ തോൽവിയെപ്പറ്റിയുള്ള വിവാദങ്ങൾ പുകയുന്നതിനിടെ ശശിയെ ചുമതലയിൽ തിരിച്ചെത്തിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുകളുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ ഏത് ഘടകത്തിലേക്ക് തിരിച്ചെടുക്കണമെന്ന കാര്യത്തിൽ ജില്ലയിലെ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

ജില്ലാ കമ്മറ്റിയിൽ ഭൂരിപക്ഷവും ഇപ്പോഴും ശശിയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ   ഇത്‌ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ശശിയുടെ തട്ടകമായ മണ്ണാർക്കാട് യുഡിഎഫിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വലിയ ഭൂരിപക്ഷത്തിന്‌ ശശിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് മറുവിഭാഗം. പി കെ ശശിയെ അനുകൂലിക്കുന്നവർ തെരഞ്ഞെടുപ്പിൽ നിർജീവമായതാണ് പാലക്കാട്ടെ തോൽവിക്ക് കാരണമായതെന്നും ആരോപണമുണ്ട്.പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കുമ്പോൾ ശശിയെ എതിർക്കുന്നവർ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ സംസ്ഥാന കമ്മറ്റി ശശി വിഷയത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂചന.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More