സൈനിക ആക്രമണങ്ങളിലെ പൊള്ളത്തരങ്ങൾ

പാക് ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായി തിരിച്ചടി നൽകി എന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകളിൽ പലതും വ്യാജമാണെന്ന് എത്രപേർക്ക് അറിയാം? കൃത്യമായ തെളിവുകൾ നൽകാതെ ഇത്തരത്തിലുള്ള വാർത്തകൾ നിരവധി പേരുടെ വിശ്വാസത്തെയാണ് മുതലെടുക്കുക. പലരും ഇത് വിശ്വസിക്കുന്നു എന്നുമാത്രമല്ല, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്നു. അതിലൂടെ സർക്കാരിലുള്ള വിശ്വാസം തെറ്റായ രീതിയിൽ ഊട്ടിയുറപ്പിക്കുന്നു എന്നു മാത്രമല്ല അത് മറ്റൊരു രാജ്യത്തിനെതിരായ വികാരത്തെ വളർത്തുകയും ചെയ്യുന്നു.

പുൽവാമയിൽ നാൽപ്പത്തി നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നാലെ ബലാകോട്ട് ഉൾപ്പെടെ പാക്കിസ്ഥാനിലെ മൂന്നിടങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി വാർത്തകളുണ്ടായിരുന്നു. 350 ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തെളിവുകൾ പുറത്തുവരാത്തിടത്തോളം തിരിച്ചടി എങ്ങനെയാണ് വിശ്വാസത്തിൽ എടുക്കാൻ സാധിക്കുക? അതുപോലെ തന്നെയാണ് ഇന്ത്യക്ക് തിരിച്ചടി നൽകിയെന്നുള്ള പാക്കിസ്ഥാന്റെ പല വാദങ്ങളും.

2017 ൽ സിക്കിം അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ചെന്നുള്ള പാക്കിസ്ഥാന്റെ വാദം തള്ളി ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ ചാനൽ പുറത്തുവിട്ട വാർത്തയിലെ ഉള്ളടക്കവും വീഡിയോയും വ്യാജമാണെന്നായിരുന്നു ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കിയത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഇത്തരത്തിൽ രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന വാർത്തകൾ ഷെയർ ചെയ്യുമ്പോൾ അതിന്റെ സത്യാവസ്ഥ എന്താണെന്നെങ്കിലും മനസിലാക്കിയിരിക്കണം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നൽകുന്നത് ശരിയായിരിക്കണമെന്നില്ല. സർക്കാരിന്റെ ഭാഗം എന്താണെന്ന് നമുക്ക് ശ്രദ്ധിക്കാം. അത്തരത്തിൽ ഒരു വിശദീകരണം വരുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top