Advertisement

എസ്.ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകും

May 29, 2019
Google News 1 minute Read

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെവിന്റെ പിതാവ് പരാതി നൽകും. കേസിലെ പ്രധാന കുറ്റക്കാരൻ എസ്.ഐ ആണെന്നും പോലീസുകാർ പോലീസുകാരെ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും കെവിന്റെ പിതാവ് പറഞ്ഞു. എസ്.ഐയെ സർവീസിൽ തിരിച്ചെടുക്കുന്നതിനെതിരെ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും ഇന്ന് തന്നെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരിൽ കണ്ട് പരാതി നൽകുമെന്നും  കെവിന്റെ പിതാവ് വ്യക്തമാക്കി.

Read Also; കെവിൻ വധം; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു

കോട്ടയം ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബു കെവിൻ കേസിൽ നടപടി നേരിട്ട് സസ്‌പെൻഷനിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഉടൻ തന്നെ കെവിന്റെ കുടുംബാംഗങ്ങൾ ഗാന്ധി നഗർ സ്‌റ്റേഷനിലെത്തി എസ്.ഐയെ അറിയിച്ചെങ്കിലും മറ്റ് തിരക്കുകൾ ഉണ്ടെന്ന്  പറഞ്ഞ് എസ്.ഐ ഷിബു അന്വേഷണം വൈകിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. തുടർന്ന് സസ്‌പെൻഷനിലായ ഷിബുവിനെ ഒരു വർഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സർവീസിൽ തിരിച്ചെടുത്തത്.

Read Also; സംസ്ഥാനത്തെ നടുക്കിയ ദുരഭിമാനക്കൊല; കെവിൻ ജോസഫിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്

2018 മെയ് 24 നാണ് കോട്ടയത്ത് ബിരുദ വിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽവെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27ന് നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here