ഇന്നത്തെ പ്രധാനവാർത്തകൾ (29/05/2019)
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുലും സോണിയയും പങ്കെടുക്കും
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണി ഗാന്ധി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വായാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമത ബാനർജി പങ്കെുക്കില്ല
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മമത നേരത്തേ അറിയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന പുതിയ തീരുമാനം ട്വിറ്ററിലൂടെയാണ് മമത അറിയിച്ചത്. ഭരണഘടനാനുസൃതമായ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ ആ നിലപാട് മാറ്റാൻ താൻ നിർബന്ധിതയായെന്നാണ് മമത പറയുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈദുൽ ഫിത്വർ കണക്കിലെടുത്താണ് തീരുമാനം. പെരുന്നാൾ പ്രമാണിച്ച് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇനിയും നടപടികളുണ്ടാകുമെന്നും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നടപ്പിലാക്കാൻ ശക്തമായി മുന്നിൽ നിന്നതാണ് ധാർഷ്ട്യമെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും. ശബരിമല കയറാൻ സ്വയമേ തയ്യാറായി വന്ന സ്ത്രീകളെ തടയാൻ സർക്കാരിന് സാധ്യമല്ല.
ആരോഗ്യപ്രശ്നങ്ങൾ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി അരുൺ ജെയ്റ്റ്ലി കത്ത് നൽകി
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതായും അതിനാൽ പുതിയ സർക്കാരിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്.
സസ്പെൻഷനിലായിരുന്ന എസ്ഐയെ തിരിച്ചെടുത്ത നടപടി; കെവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
കെവിൻ കേസിൽ സസ്പെൻഷനിലായ മുൻ ഗാന്ധിനഗർ എസ് ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി സ്വീകരിച്ച മുഖ്യമന്ത്രി വേണ്ടത് പോലെ ചെയ്യാമെന്ന ഉറപ്പ് നൽകിയതായി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഇടത് തോൽവിക്ക് കാരണം വ്യക്തമാക്കി സുധാകർ റെഡ്ഡി
ഇടത് പാർട്ടികളുടെ പുനരേകീകരണം ആവശ്യപെട്ട് സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി. പുനരേകീകര വിഷയത്തിൽ ചില ഇടത് പാർട്ടികളിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്നും സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിനു ശേഷം സുധാകർ റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ‘ശബരിമല’ പ്രതിഫലിച്ചുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്
ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ ശബരിമല വിഷയത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനായി. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഘടകം സംസ്ഥാന ഘടകത്തിന് കൈമാറും.
ബംഗാളിൽ ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു
പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മനീറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിലെത്തിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. മനീറുൽ ഇസ്ലാമിനൊപ്പം മൂന്ന് തൃണമൂൽ നേതാക്കളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് റോഷി അഗസ്റ്റിൻ
കേരള കോൺഗ്രസിൽ പിടിമുറുക്കാനുള്ള പി.ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ രംഗത്തെത്തി. പി.ജെ ജോസഫിനെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ഇന്ന് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു.
തർക്കം തെരുവിലേക്ക്; പാലായിൽ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു
അധികാര തർക്കത്തെ തുടർന്ന് കേരള കേരള കോൺഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക്. പാലായിൽ യൂത്ത് ഫ്രണ്ടുകാർ പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു. യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തിയതായി സൂചന
കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തി.
തിരുവല്ലത്ത് ജനമധ്യത്തിൽ സ്ത്രീയെ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം തിരുവല്ലത്ത് നടുറോഡിൽ പൊലീസുകാരൻ സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ പൊലീസുകാരൻ മർദ്ദിക്കുകയായിരുന്നു.
സിറോ മലബാർ വ്യാജരേഖാ കേസ്; പ്രതി ആദിത്യയ്ക്ക് ജാമ്യം
സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ മൂന്നാം പ്രതി ആദിത്യയ്ക്ക് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 18നാണ് ആദിത്യ അറസ്റ്റിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here