Advertisement

നീർമാതളപ്പൂ കൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്

May 31, 2019
Google News 2 minutes Read

മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്. തുറന്നെഴുത്തു കൊണ്ട് ചർച്ച ചെയ്യപ്പെടുകയും പെണ്ണെഴുത്തുകളുടെ മനോഹാരിത അനുവാചകരിലേക്ക് പകരുകയും ചെയ്ത നാലപ്പാട്ടെ പ്രിയപ്പെട്ട കമല 2009ൽ ഇതേ ദിവസമാണ് മരണപ്പെട്ടത്. ഇനിയൊരിക്കലും പകരം വെക്കാൻ കഴിയാത്ത ഒരുപിടി അമൂല്യ എഴുത്തുകളുടെ ധാരാളിത്തം ബാക്കിയാക്കിയാണ് അവർ വിട പറഞ്ഞത്.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ലൈബ്രറി പുസ്തകങ്ങൾ എടുക്കുന്നതിൽ ഒരു നിബന്ധനയുണ്ടായിരുന്നു. ഒരു സമയത്ത് ഒരു പുസ്തകം മാത്രമേ എടുക്കാവൂ. ആ നിബന്ധന ഞാൻ മറി കടന്നത്, രജിസ്റ്ററിൽ എഴുതുന്ന പുസ്തകം കയ്യിൽ പിടിച്ചും രജിസ്റ്ററിൽ എഴുതാത്ത ഒനിലധികം പുസ്തകങ്ങൾ അരയിൽ വെച്ച് ഒളിച്ചു കടത്തിയുമായിരുന്നു. ഒരു സമയം ആകെ നാലും അഞ്ചും പുസ്തകങ്ങൾ വരെ എടുത്ത ദിവസങ്ങളുണ്ട്. അടുത്ത വട്ടം പോകുമ്പോൾ അതൊക്കെ ഭദ്രമായി ലൈബ്രറിയിൽ വെക്കുകയും ചെയ്യുമായിരുന്നു. നീലകണ്ഡൻ പരമാരയും ബാറ്റൺ ബോസുമൊക്കെയായിരുന്നു അന്നത്ത പ്രധാന വായന. ഒരിക്കൽ പമ്മൻ്റെ ഒരു പുസ്തകമെടുത്ത് രജിസ്റ്ററിൽ എഴുതാൻ പോയ എന്നെ നിരുത്സാഹപ്പെടുത്തിയ ടീച്ചർ അതൊക്കെ പിന്നീട് വായിക്കാമെന്നു പറഞ്ഞെവെങ്കിലും പുസ്തകം ഇടുപ്പിൽ വെച്ച് കടത്തുകയും വായിക്കുകയും ചെയ്തു.

അങ്ങനെ ഈ പണി തുടർന്നു പോകവേയാണ് മാധവിക്കുട്ടിയുടെ ‘എൻ്റെ കഥ’ കണ്ണിൽ പെടുന്നത്. അതെടുത്ത് രജിസ്റ്ററിൽ എഴുതാൻ ചെല്ലുമ്പോൾ ടീച്ചർ അതും പിടിച്ച് അല്പ സമയം ആലോചിച്ചു.
“ഈ പുസ്തകം വേണോ?”
“ഈ പുസ്തകത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ?”
“ഏയ് പ്രശ്നമുണ്ടായിട്ടല്ല”
ടീച്ചർ രജിസ്റ്ററിൽ പേരെഴുതി പുസ്തകം തന്നു. രഹസ്യമായി ‘അയ്യേ’ എന്ന് പലപ്പോഴും പറഞ്ഞ് 14 വയസ്സുകാരനായ ഞാൻ അത് വായിച്ചു തീർത്തു. അതിനു ശേഷമാണ് ‘നീർമാതളം പൂത്ത കാലം’ വായിക്കുന്നത്. തുടർന്ന്, കോളേജ് പഠന കാലത്ത് വായന അല്പം ഗൗരവം കൈവരിച്ചതോടെ വീണ്ടും ആമിയെ വായിച്ചു. ‘എൻ്റെ കഥ’ യും ‘നീർമാതളം പൂത്ത കാല’വും ഏതാണ്ട് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു തരത്തിൽ എനിക്ക് വായിക്കാൻ സാധിച്ചു. ഒരു പെണ്ണിൻ്റെ ചിന്തകളുടെ സുതാര്യതയെന്നോ കരുത്തെന്നോ വിളിക്കാവുന്ന വായന എനിക്ക് അപ്പോൾ കിട്ടി.

കമലാ ദാസ്, കമല സുരയ്യ, മാധവിക്കുട്ടി, ആമി എന്നീ പേരുകളിൽ എനിക്ക് കമല എന്ന പേരാണ് ഏറെ ഇഷ്ടമായത്. കമല പ്രണയിക്കപ്പെടാൻ ഒരുപാട് ആഗ്രഹിച്ച ഒരു പെണ്ണായിരുന്നു. ചുറ്റും തിങ്ങി നിന്ന് ശ്വാസം മുട്ടിക്കുന്ന പ്രശസ്തിയിൽ നിന്നും ഒളിച്ചോടി ഇഷ്ടപ്പെട്ട പുരുഷൻ്റെ മാറിൽ പറ്റിച്ചേർന്ന് കാലം കഴിക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരിയായ പെണ്ണ്.

“നീയെന്നെ വിവാഹം കഴിക്കുമോ?” അദ്ദേഹം ചോദിച്ചു.
“നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” ഞാൻ മറു ചോദ്യം ചോദിച്ചു.
അതിനു മറുപടി പറയാതെ അദ്ദേഹം എന്നെ ചുംബനങ്ങളിൽ പൊതിഞ്ഞു. മറുപടി പറയാൻ കഴിയാത്ത ഏതു ചോദ്യവും ഇത്തരത്തിലുള്ള അതിരു കടന്ന വാത്സല്യ പ്രകടനത്താൽ പരിഹരിക്കാമെന്ന് അന്നു മുതൽ ഇന്നു വരെ അദ്ദേഹം കരുതുന്നു. ഞാൻ എപ്പോഴും കാമത്തെ സ്നേഹമായി തെറ്റിദ്ധരിക്കുന്നു.- എൻ്റെ കഥ.

ഇതായിരുന്നു കമല. അവൾ വഞ്ചിക്കപ്പെട്ടവളായിരുന്നു. പ്രണയിക്കപ്പെടാൻ ആഗ്രഹിച്ച് ചതിക്കപ്പെട്ടവളായിരുന്നു. മനസ്സ് മുഴുവൻ അക്ഷരങ്ങളിലേക്ക് പകർത്തുകയും അതു കൊണ്ട് രതിമൂർച്ഛയടയുകയും ചെയ്യേണ്ടി വന്ന നിസ്സഹായയായ ഒരുവളായിരുന്നു കമല. ഭർത്താവ് തൻ്റെ മുൻ ലൈംഗികാാനുഭവങ്ങളെപ്പറ്റി പറയുമ്പോൾ ചൂളിപ്പോവുന്ന, അദേഹത്തെ തൃപ്തിപ്പെടുത്താൻ ലൈംഗിക കാര്യങ്ങൾ പറഞ്ഞ കത്തെഴുതിയ കമല സെക്സ് ഒരു പരികല്പനയായി തെറ്റിദ്ധരിച്ചു. ഭർത്താവിൽ നിന്ന് കിട്ടാതായ പ്രണയം അവൾ പലരിൽ നിന്നായി അനുഭവിക്കുകയും വീണ്ടും ചതിക്കപ്പെടുകയും ചെയ്തു.

ഒടുക്കം, പറയപ്പെടുന്നത് ശരിയെങ്കിൽ മതപരിവർത്തനമെന്ന പേരിൽ മറ്റൊരു വലിയ ചതി കൂടി ആയതോടെ കമല പ്രണയം ലഭിക്കാതെ ശൂന്യയായിപ്പോയ ഒരു മനുഷ്യ ശരീരം മാത്രമായി പരിണമിച്ചു. പലരാലും ചതിക്കപ്പെട്ട്, പ്രണയത്താൽ പരവശയായ കമല ഈ ലോകത്തെ മുഴുവൻ വെറുത്തിട്ടാണ് പടിയിറങ്ങിയത്. മരണത്തിനു ശേഷവും അവസാനിക്കാത്ത വിവാദങ്ങളിൽ പെട്ട് കമലയുടെ ഓർമ്മകൾ പോലും വിറങ്ങലിച്ചു.

കമല പ്രണയിക്കപ്പെടാൻ മാത്രമാണ് ആഗ്രഹിച്ചത്. അവിടെയാണ് അവൾ തോറ്റു പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here